രായയുടെ വരവിനായി കാത്തിരിക്കണം; യഷ് ചിത്രം 'ടോക്സിക്' റിലീസ് മാറ്റി: പുതിയ തീയതി പ്രഖ്യാപിച്ചു

കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' സിനിമയുടെ റിലീസ് മാറ്റിവെച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസമാനമായ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് റിലീസ് നീട്ടാൻ തീരുമാനിച്ചത്. നേരത്തെ മാർച്ച് 19നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ജൂൺ 4ാണ് പുതുക്കിയ തീയതി. ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്' ഒരു ആഗോള സിനിമയായി പ്രേക്ഷകരിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം കാരണം വിദേശ വിപണിയിൽ ഇപ്പോൾ ചിത്രം എത്തിക്കുന്നത് പ്രായോഗികമല്ല. ചിത്രത്തിന്റെ ഓവർസീസ് വിതരണക്കാരായ 'ഫാർസ് ഫിലിംസ്' റിലീസ് മാറ്റണമെന്ന് ഔദ്യോഗികമായി അഭ്യർഥിച്ചതിനെത്തുടർന്നാണ് നടപടി. ആഗോളതലത്തിൽ വലിയ ക്യാൻവാസിൽ വിഭാവനം ചെയ്ത സിനിമയായതിനാൽ, അനുകൂലമായ സാഹചര്യത്തിൽ മാത്രം ചിത്രം റിലീസ് ചെയ്താൽ മതിയെന്നാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
ടോക്സിക്കിൽ രായ എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. യാഷിന്റെ ജന്മദിനമായ ജനുവരി 8 ന് ആണ് ടോക്സിക്കിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്കിലെ രംഗങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും. മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്.
ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 19ന് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.









0 comments