യഷിന്റെ ‘ടോക്സിക്’; കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

ടോക്സിക് സിനിമയുടെ പോസ്റ്റർ |Photo: Social Media
കൊച്ചി : യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ കേരളത്തിൽ പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും ചേർന്ന് വിതരണം ചെയ്യും. ആഗസ്ത് 26ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ആഗസ്ത് 21 മുതൽ അഡ്വാൻസ് ബുക്കിങ് ആരംഭിക്കും.
‘കെജിഎഫ്: ചാപ്റ്റർ 2’ന് ശേഷം യഷ് ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘ടോക്സിക്’. താരത്തിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗീതു മോഹൻദാസാണ് സംവിധാനം.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പഴയകാല ഗോവയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ അധികാരം, കുറ്റകൃത്യം, അഭിലാഷം, വഞ്ചന തുടങ്ങിയ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. റായ എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്.
പനോരമ സ്റ്റുഡിയോസിന്റെ ദക്ഷിണേന്ത്യയിലെ വിപുലീകരണത്തിന്റെ ഭാഗമായാണ് സെഞ്ച്വറി ഫിലിംസുമായുള്ള കേരള വിതരണ പങ്കാളിത്തം. കേരളത്തിൽ യഷിനുള്ള ശക്തമായ ആരാധക പിന്തുണയും ചിത്രത്തിന്റെ വമ്പൻ കാൻവാസും ശ്രദ്ധേയമായ താരനിരയും ‘ടോക്സിക്’നെ പ്രധാന തീയറ്റർ റിലീസുകളിലൊന്നാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.
റിലീസിന് മുന്നോടിയായി യഷ് പ്രത്യക്ഷപ്പെടുന്ന പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. ചുവപ്പ് പശ്ചാത്തലത്തിലുള്ള യഷിന്റെ തീവ്രമായ ലുക്കാണ് പോസ്റ്ററിലുള്ളത്.










0 comments