ഓസ്കർ നേടിയ ചിത്രങ്ങൾ കാണണോ? ഇങ്ങ് പോര്...

98ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന സിനിമയാണ് ഓസ്കറിൽ തിളങ്ങിയത്. മികച്ച സംവിധായകൻ, മികച്ച ചിത്രം ഉൾപ്പടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഓസ്കറിൽ തിളങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് എവിടെ കാണാനാകുമെന്ന് നോക്കാം..
1. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another)
ലിയോനാർഡോ ഡികാപ്രിയോ നായകനായി പോൾ തോമസ് ആൻഡേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'. അമേരിക്കൻ ബ്ലാക്ക് കോമഡി ആക്ഷൻ-ത്രില്ലർ രൂപത്തിലാണ് ചിത്രം. 1990ൽ പുറത്തിറങ്ങിയ തോമസ് പിഞ്ചണിന്റെ 'വൈൻലാൻഡ്' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, സെപ്തംബർ 26നാണ് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആഗോളതലത്തിൽ റിലീസ് ചെയ്തത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

2. 'സിന്നേഴ്സ്' (Sinners)
'ബ്ലാക്ക് പാന്തർ' സംവിധായകൻ റയാൻ കൂഗ്ലർ രചനയും സംവിധാനവും നിർവഹിച്ച ഹൊറർ-ആക്ഷൻ ഡ്രാമ ചിത്രമാണ് 'സിന്നേഴ്‌സ്'. മൈക്കിൾ ബി ജോർദൻ ഇരട്ട വേഷത്തിൽ എത്തിയ ഈ ചിത്രം വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റി. മികച്ച മികച്ച നടനുള്ള പുരസ്കാരമടക്കം നാല് അവാർഡുകൾ ചിത്രം നേടി. ‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ മാറി. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

3. 'ഫ്രാങ്കെൻസ്റ്റൈൻ' (Frankenstein)
മേരി ഷെല്ലിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത ചിത്രമാണ് 'ഫ്രാങ്കെൻസ്റ്റൈൻ'. വിക്ടർ ഫ്രാങ്കെൻസ്റ്റൈൻ എന്ന ശാസ്ത്രജ്ഞന്റെയും അദ്ദേഹം സൃഷ്ടിച്ച ജീവിയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

4. ‘ഹംനെറ്റ്’ (Hamnet)
മാഗി ഓഫാരലിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ക്ലോയി ഷാവോ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹംനെറ്റ്’. ഇത്തവണത്തെ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി സ്വന്തമാക്കി. വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിന്റെയും (ആനി ഹാതവേ) ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. അവരുടെ 11 വയസ്സുള്ള മകൻ ഹംനെറ്റിന്റെ മരണവും തുടർന്നുണ്ടാകുന്ന ആഘാതങ്ങളും സിനിമ ദൃശ്യവൽക്കരിക്കുന്നു. എന്നാൽ ചിത്രം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.

5. എഫ് വൺ ('F1')
ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത് 2025ൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് ‘എഫ് വൺ’. ഫോർമുല വൺ റേസിങിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്ന സോണി ഹെയ്‌സ് (ബ്രാഡ് പിറ്റ്) എന്ന ഡ്രൈവറുടെ കഥ പറയുന്നു. മികച്ച ശബ്ദസന്നിവേശത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.

6. അവതാർ: ഫയർ ആൻഡ് ആഷ് (AVATAR: FIRE AND ASH)
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 2025ൽ പുറത്തിറങ്ങിയ ചിത്രമാണ് അവതാർ: ഫയർ ആൻഡ് ആഷ്. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കർ പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. അവതാർ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവും അവതാർ: ദി വേ ഓഫ് വാട്ടറിന്റെ (2022)തുടർച്ചയുമാണ് ഈ ചിത്രം. ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ചിത്രത്തിലൂടെ കാമറൂൺ പരിചയപ്പെടുത്തുന്നത്. ചിത്രം ജിയോ ഹോട്സ്റ്റാറിൽ ലഭ്യമാണ്.
![]()
7. ‘ബുഗോണിയ' (Bugonia)
യോർഗോസ് ലന്തിമോസ് സംവിധാനം ചെയ്ത 2025ലെ ശ്രദ്ധേയമായ ഡാർക്ക് ഹ്യൂമർ ത്രില്ലർ ചിത്രമാണ് 'ബുഗോണിയ'. മികച്ച ചിത്രം, മികച്ച നടി എന്നീ നാമനിർദേശങ്ങൾ ചിത്രം നേടി. 2003ൽ പുറത്തിറങ്ങിയ 'സേവ് ദ ഗ്രീൻ പ്ലാനറ്റ്!' എന്ന ദക്ഷിണ കൊറിയൻ സിനിമയുടെ ഇംഗ്ലീഷ് റീമേക്കാണിത്. എമ്മ സ്റ്റോൺ, ജെസ്സി പ്ലെമൺസ്, അലീഷ്യ സിൽവർസ്റ്റോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

8.‘ദ സീക്രട്ട് ഏജന്റ് ’ (The Secret Agent)
ക്ലെബർ മെൻഡോൺസ ഫിൽഹോ രചനയും സംവിധാനവും നിർവഹിച്ച് 2025ൽ പുറത്തിറങ്ങിയ ബ്രസീലിയൻ ചിത്രമാണ് ‘ദ് സീക്രട്ട് ഏജന്റ്’. മികച്ച ചിത്രത്തിനുള്ള നാമനിർദേശമാണ് ചിത്രം സ്വന്തമാക്കിയത്. ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്ര മേളയിൽ മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ അവാർഡുകൾക്കും ദ് സീക്രട്ട് ഏജന്റ് അർഹമായി. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.











0 comments