ad
Deshabhimani

ആവേശം നിറച്ച് 'വാഴ 2' ട്രെയ്‌ലർ; ബില്യൺ ബ്രോസിന്റെ കഥയുമായി ഏപ്രിൽ 2ന് തിയേറ്ററുകളിലേക്ക്

വെബ് ഡെസ്ക്

Published on Mar 28, 2026, 09:28 PM | 1 min read

കൊച്ചി: ബോക്സ് ഓഫീസിൽ തരംഗമായ 'വാഴ'യുടെ രണ്ടാം ഭാഗം 'വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ട്രെയ്‌ലർ പുറത്ത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ എസ് എ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


സൗഹൃദത്തിന്റെ തീവ്രതയും നൊസ്റ്റാൾജിയയും ഒപ്പം തമാശകളും കോർത്തിണക്കിയ ട്രെയ്‌ലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലെന്നപോലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ബാല്യം മുതൽ യൗവനം വരെയുള്ള ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. 'വാഴ'യിലെ ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നാല് കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള ഒരു 'സ്പിൻ ഓഫ്' ആയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.


അൽഫോൻസ് പുത്രനും പ്രേമം റെഫറൻസും


സംവിധായകൻ അൽഫോൻസ് പുത്രൻ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ 'പ്രേമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തെക്കുറിച്ചുള്ള രസകരമായ പരാമർശങ്ങളോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. "ആ പ്രേമത്തിൽ തുടങ്ങിയ കുഴപ്പമാണ്... പ്രേമത്തിന് എന്താ കുഴപ്പം?" എന്ന കഥാപാത്രങ്ങളുടെ സംഭാഷണം ആരാധകരിൽ വലിയ ആകാംക്ഷ ഉണർത്തുന്നതാണ്.


ഏപ്രിൽ 2ന് റിലീസ്


സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഏപ്രിൽ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമ്മാണം. 10 ഗാനങ്ങളുള്ള ചിത്രത്തിൽ 9 സംഗീത സംവിധായകരാണ് അണിനിരക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. തിങ്ക് മ്യൂസിക്കാണ് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഐക്കൺ സിനിമാസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home