ഇത് നല്ല കിടിലൻ വാഴ, ഏഴാം ദിവസം നൂറ് കോടി ക്ലബിൽ 'വാഴ 2'

കൊച്ചി : മലയാള സിനിമയെ അമ്പരപ്പിച്ച് നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത 'വാഴ 2 ' -ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബിൽ പ്രവേശിച്ചത്. നവാഗതർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഒരു ചിത്രം ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്നത് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമാണ്.
ആദ്യ ദിനം തന്നെ 10.5 കോടി രൂപ ആഗോളതലത്തിൽ സ്വന്തമാക്കിയ ചിത്രം, ആദ്യ ഞായറാഴ്ച പിന്നിട്ടപ്പോൾ തന്നെ 'വാഴ'യുടെ ഒന്നാം ഭാഗം നേടിയ ലൈഫ് ടൈം കളക്ഷൻ (41.75 കോടി) മറികടന്നിരുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കിങിലും റെക്കോഡ് മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, വിനായക്, അജിൻ ജോയ്, ദേവരാജ്, എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഹ്യൂമറിനൊപ്പം വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഇവർക്കൊപ്പം ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവർ ചേർന്നാണ്. അങ്കിത് മേനോൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രത്യേകിച്ച് 'തൂക്കി', 'കൂടെപ്പിറന്നവരല്ലേ' എന്നീ ട്രാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.











0 comments