മോഹൻലാൽ, വിജയ്, രജനികാന്ത്-ഇപ്പൊ ഹാഷിറും ഗ്യാങും; നേടിയത് റെക്കോഡ് കളക്ഷൻ

മോഹൻലാൽ, വിജയ്, രജനികാന്ത്,ഹാഷിർ
കൊച്ചി : സോഷ്യൽ മീഡിയ സെൻസേഷനായ ഹാഷിറിനെയും സംഘത്തെയും പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ 'വാഴ 2' ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മാത്രം കേരളത്തിൽ നിന്ന് എട്ട് കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ കേരളത്തിൽ ഒരു ദിവസം എട്ട് കോടിയിലധികം കളക്ഷൻ നേടുന്ന സൂപ്പർ താരങ്ങളുടെ പട്ടികയിലേക്ക് ഹാഷിറും സംഘവും എത്തി.
ഇതുവരെ മോഹൻലാൽ (എമ്പുരാൻ), വിജയ് (ലിയോ), രജനികാന്ത് (കൂലി) എന്നിവ മാത്രമാണ് കേരളത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. കൂലി റിലീസ് ദിനത്തിലാണ് ഈ റെക്കോഡ് നേടിയതെങ്കിൽ, എമ്പുരാനും ലിയോയും റിലീസിന് ശേഷമുള്ള ദിവസങ്ങളിലും എട്ട് കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഈ അപൂർവ നേട്ടത്തിലേക്കാണ് വാഴ 2 എത്തിയത്.
ആദ്യ ഭാഗത്തേക്കാൾ മികച്ച അഭിപ്രായമാണ് രണ്ടാം ഭാഗത്തിന് ലഭിക്കുന്നത്. സിനിമയിലെ വൈകാരിക രംഗങ്ങളും ഹാഷിർ ഗ്യാങിന്റെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തു. അമീൻ, അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സവിൻ എസ്എ ആണ്. വിപിൻ ദാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധാനം അങ്കിത് മേനോൻ, ഛായാഗ്രഹണം-അഖിൽ ലൈലാസുരൻ, കണ്ണൻ മോഹനാണ് എഡിറ്റിങ്.











0 comments