മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിൽ; ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ 8ന് തിയറ്ററുകളിൽ

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ ഗോപാലകൃഷ്ണനാണ് ചിത്രം നിർമിച്ചത്. മാറ്റിനി നൗവും ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സും ചേർന്നാണ് റീ റിലീസിനായി ചിത്രം 4Kയിൽ റീ മാസ്റ്റർ ചെയ്തത്.
മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’. പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ ഗാനങ്ങളും ഒരുമിച്ചെത്തിയ ചിത്രം മോഹൻലാൽ-ശോഭന കൂട്ടുകെട്ടിന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നുകൂടിയാണ്.
ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4K സാങ്കേതികവിദ്യയിൽ സ്കാൻ ചെയ്ത് പുനഃസംവിധാനം ചെയ്ത പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ മികവ് നൽകി ഡോൾബി അറ്റ്മോസിലും മിക്സ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണത്തിന് കെ വി ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും ചിത്രം നേട്ടങ്ങൾ സ്വന്തമാക്കി. ബേണി- ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളായിരുന്നു.
മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നിർമ്മാതാവ്: എൻ. ഗോപാലകൃഷ്ണൻ, ബാനർ: പ്രസിദ്ധി ക്രിയേഷൻസ്
ഛായാഗ്രഹണം: കെ വി ആനന്ദ്, സംഗീതം: ബേണി-ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം: എസ് പി വെങ്കടേഷ്, എഡിറ്റിംഗ്: എൻ ഗോപാലകൃഷ്ണൻ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് : ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്








0 comments