ആരംഭിക്കലാമാ.. രജനീകാന്ത്- കമൽഹാസൻ ചിത്രത്തിന് പുതിയ സംവിധായകൻ

ചെന്നൈ: സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തലൈവർ 173. സുന്ദർ സി സംവിധാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ചിത്രീകരണത്തിൽ അനിശ്ചിതത്വം നേരിട്ടിരുന്നു. എന്നാൽ ആരാധകർക്ക് ഏറെ സന്തോഷമുള്ള വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായി സിബി ചക്രവർത്തിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ൽ പുറത്തറിങ്ങിയ ഡോൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സിബി ചക്രവർത്തി. നേരത്തെ 'പാർക്കിങ്' സംവിധായകൻ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ, ധനുഷ് എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നതിനിടെയാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ "എവെരി ഫാമിലി ഹാസ് എ ഹീറോ" എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനീകാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.









0 comments