നാല് വർഷത്തെ കണക്കുതീർക്കൽ? ഒരു ട്വീറ്റിൽ കൊമ്പുകോർത്ത് സൂര്യ-ശിവകാർത്തികേയൻ ഫാൻസ്

ചെന്നൈ: ഒരു സിനിമാ ആശംസയും അതിലെ ഒരൊറ്റ വാചകവും കോളിവുഡിൽ പുതിയൊരു ഫാൻ ഫൈറ്റിന് തിരി കൊളുത്തിയിരിക്കുകയാണ്. സൂര്യയുടെയും ശിവകാർത്തികേയന്റെയും ആരാധകരാണ് സോഷ്യൽ മീഡിയയിൽ നേർക്കുനേർ കൊമ്പുകോർക്കുന്നത്. താരങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ആരാധകർ ഒപ്പിച്ചെടുത്ത 'പഴയ കണക്കെടുപ്പ്' ആണ് സംഭവത്തിന് പിന്നിൽ.
സെപ്തംബർ 10-ന് കാർത്തിയുടെ 'സർദാർ 2', സൂരിയുടെ 'മണ്ടാടി' എന്നീ ചിത്രങ്ങൾ ഒന്നിച്ചാണ് തിയറ്ററുകളിലെത്തിയത്. 'സർദാർ 2'വിന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോൾ, ബോട്ട് റേസിങ് പശ്ചാത്തലത്തിലൊരുങ്ങിയ 'മണ്ടാടി' മികച്ച പ്രേക്ഷകപ്രശംസ നേടി. ഇതിന് പിന്നാലെ നടൻ സൂരിയെയും സിനിമയെയും പ്രശംസിച്ച് ശിവകാർത്തികേയൻ എക്സിൽ (ട്വിറ്റർ) ഒരു കുറിപ്പ് പങ്കുവെച്ചു. സൂരിയുടെ കഠിനാധ്വാനത്തെ വാനിളം പുകഴ്ത്തിയ കുറിപ്പിൽ മികച്ച ഉള്ളടക്കങ്ങൾ എന്നും വലിയ വിജയം നേടും (Good content always wins big) എന്ന വാചകവും ഉണ്ടായിരുന്നു.

സാധാരണ ഒരു പ്രശംസാ സന്ദേശമായി ഒതുങ്ങേണ്ടിയിരുന്ന ഈ ട്വീറ്റ് പക്ഷെ ഫാൻസ് വെറുതെ വിട്ടില്ല. അതിനു കാരണം നാല് വർഷം മുൻപത്തെ മറ്റൊരു ട്വീറ്റാണ്. 2022 ഒക്ടോബർ 21-ന് കാർത്തിയുടെ 'സർദാർ' സിനിമയും ശിവകാർത്തികേയന്റെ 'പ്രിൻസ്' സിനിമയും ഒരേദിവസം റിലീസ് ചെയ്തിരുന്നു. അന്ന് 'പ്രിൻസി'നെ മറികടന്ന് 'സർദാർ' വൻ വിജയം നേടിയപ്പോൾ, കാർത്തിയെ അഭിനന്ദിച്ച് സൂര്യ ഇട്ട ട്വീറ്റ് ആരംഭിച്ചതും “Good content always wins big!” എന്ന വാചകത്തോടെയായിരുന്നു.
ഇത്തവണ വീണ്ടുമൊരു 'സർദാർ' ചിത്രം റിലീസായ ദിവസം തന്നെ, എതിർവശത്തുള്ള സൂരി ചിത്രത്തെ അഭിനന്ദിക്കാൻ ശിവകാർത്തികേയൻ അതേ വാചകം എടുത്തു ഉപയോഗിച്ചതാണ് ഫാൻസിനെ പ്രകോപിപ്പിച്ചത്. ഇത് 4 വർഷത്തിന് ശേഷം ശിവകാർത്തികേയൻ കൃത്യമായി കൊടുത്ത മറുപടിയാണെന്ന് പറഞ്ഞ് ആരാധകർ പഴയ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകളുമായി രംഗത്തെത്തി.
ഇതോടെ സൂര്യയുടെയും ശിവകാർത്തികേയന്റെയും ആരാധകർ തമ്മിൽ തർക്കം രൂക്ഷമാവുകയും താരങ്ങളുടെ കരിയറും ബോക്സ് ഓഫീസ് കണക്കുകളും വച്ച് വാദപ്രതിവാദങ്ങൾ തുടങ്ങുകയും ചെയ്തു. അതേസമയം 'സർദാർ 2' സിനിമയ്ക്കും കാർത്തിക്കും ശിവകാർത്തികേയൻ ആശംസകൾ നേർന്നിരുന്നു.









0 comments