തമിഴിൽ തരംഗമായി സുരാജ്; ധനുഷിന്റെ 'കാര'യിൽ പുതിയ വേഷം

ചെന്നൈ: ധനുഷ് നായകനാകുന്ന തമിഴ് ചിത്രം 'കാര'യിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു. 'ഭരതൻ... ഓൺ ഡ്യൂട്ടി' എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ ഭരതൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. 'പോർ തൊഴിൽ' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഘ്‌നേഷ് രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'ഫേസസ് ഓഫ് കാര' എന്ന ടാഗ്‌ലൈനോടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പോസ്റ്ററുകൾ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത വിക്രം ചിത്രം 'വീര ധീര സൂരനി'ലൂടെയാണ് സുരാജ് വെഞ്ഞാറമൂട് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. കെൻ കരുണാസ് സംവിധാനം ചെയ്ത 'യൂത്ത്' എന്ന തമിഴ് ചിത്രത്തിലും സുരാജ് വേഷമിട്ടിരുന്നു. ഈ ചിത്രം നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സജീവമാകുന്ന മമിത ബൈജു 'കാര'യിൽ സെല്ലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോർ തൊഴിലിന്റെ സഹ-എഴുത്തുകാരൻ ആൽഫ്രഡ് പ്രകാശിനൊപ്പം ചേർന്ന് വിഘ്‌നേഷ് രാജ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രദീപ് രംഗനാഥൻ നായകനായ 'ഡ്യൂഡ്' ആണ് മമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. സെൻസർ തർക്കങ്ങളെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായ വിജയ് ചിത്രം 'ജനനായകനി'ലും മമിത പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിശ്വനാഥ് & സൺസ്, ഇരണ്ടു വാനം, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് അണിയറയിൽ തയാറെടുക്കുന്ന മറ്റ് പ്രോജക്ടുകൾ. വമ്പൻ താരനിര അണിനിരക്കുന്ന 'കാര' 2026 ഏപ്രിൽ 30-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.











0 comments