ഡെയ്ഞ്ചറസ് ഡാനി; 'ബാച്ച്ലർ പാർട്ടി Deux' ചിത്രത്തിലെ സൗബിൻ്റെ പോസ്റ്റർ പുറത്ത്

കൊച്ചി: അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്ലർ പാർട്ടി ഡ്യൂക്സ്' (Bachelor Party D'EUX) എന്ന ചിത്രത്തിലെ സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. കയ്യിൽ തോക്കുമായി ചിരിച്ചുനിൽക്കുന്ന സൗബിന്റെ ഡാനി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നേരത്തെ ടൊവിനോ തോമസിന്റെയും നസ്ലന്റെയും പോസ്റ്ററുകൾ ശ്രദ്ധ നേടിയിരുന്നു. നവംബർ 19നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
2012 ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്കുശേഷം പുതിയ തലമുറയുടെ ആവേശവുമായി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.
ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്കും നേരത്തെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക്കായി മാറിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയെന്ന നിലയിൽ ചിത്രം വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.
ഫ്രഞ്ച് ഭാഷയിൽ 'രണ്ട്', 'അവരുടെ' അല്ലെങ്കിൽ 'അവരെക്കുറിച്ച്' എന്നിങ്ങനെയുള്ള അർഥങ്ങളുള്ള 'D'EUX' എന്ന പേരിലാണ് രണ്ടാം ഭാഗം എത്തുന്നത്. യുവതാരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ചിത്രം ഒരുക്കുന്നത്.
നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ സംഭാഷണമൊരുക്കുമ്പോൾ തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. ആതിര ദിൽജിത്താണ് പിആർഒ.








0 comments