ഞെട്ടാൻ തയ്യാറായിക്കോളൂ; ദൃശ്യം 3ക്ക് മുമ്പ് മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്

തിരുവനന്തപുരം: ദൃശ്യം 3ക്ക് മുമ്പ് മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ് എത്തുന്നു. ത്രില്ലർ സിനിമകളുടെ രാജാവായ ജിത്തു ജോസഫ് അഭിനയിക്കുന്ന 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' വെബ് സീരീസ് ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നീ സൂപ്പർഹിറ്റ് മലയാളം വെബ് സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രമാണ് റോസ്ലിൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ സീരീസ് ലഭ്യമാകും.സുമേഷ് നന്ദകുമാറാണ് റോസ്ലിന്റെ സംവിധായകൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വിനായക് ശശികുമാർ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും സീരിസിനുണ്ട്. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മാണം.
മൂത്തോൻ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപുവാണ് കേന്ദ്ര കഥാപാത്രമായ റോസ്ലിനെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്ന സീരിസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പി എം ഉണികൃഷ്ണനാണ് ഛായാഗ്രഹണംം. എഡിറ്റിംഗ് റിയാസ് കെ ബദർ. സംഗീതം വിഷ്ണു ശ്യാം. പിആർഓ- റോജിൻ കെ റോയ്.










0 comments