'ബാലൻ': സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖം: സത്യൻ അന്തിക്കാട്

കൊച്ചി: സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ. ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളതെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച. ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർഹാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെമികച്ച പ്രകടനം നടത്തിയെന്നും സത്യൻ അന്തിക്കാട് കുറിച്ചു.
കുറിപ്പിൽ ചിദംബരത്തെ ആദ്യമായി കണ്ട ഒരു നിമിഷവും സത്യൻ അന്തിക്കാട് ഓർമിക്കുന്നുണ്ട്. വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും'ബാലൻ' തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് ഓർക്കുന്നുവെന്നു അദ്ദേഹം കുറിച്ചു. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു. ബാലൻ കണ്ടപ്പോൾ പി എൻ മേനോനേയും, ഭരതനേയും, കെ ജി ജോർജ്ജിനേയുമൊക്കെ ഓർമ്മ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലൻ, ദി ബോയ്. ജൂൺ 19ന് തിയറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.










0 comments