സിനിമാജീവിതത്തിൽ ഇന്നേവരെ ഒരിക്കൽ പോലും സ്ക്രിപ്റ്റ് വായിച്ചിട്ടില്ല: സൽമാൻ ഖാൻ

മുംബൈ: ബോളിവുഡിന്റെ സുപ്പർസ്റ്റാർ സൽമാൻ ഖാന്റെ പുതിയ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. തന്റെ ദശകങ്ങൾ നീണ്ട സിനിമാ കരിയറിൽ ഇന്നുവരെ ഒരു സിനിമയുടെ പോലും പൂർണമായ തിരക്കഥ താൻ വായിച്ചിട്ടില്ലെന്നാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സൽമാൻ ഖാൻ തന്റെ സിനിമാ ശൈലിയെക്കുറിച്ച് മനസ്സ് തുറന്നത്.
സിനിമകളുടെ പൂർണ്ണ രൂപം വായിച്ചു നോക്കുന്നതിനേക്കാൾ അതിന്റെ വാണിജ്യപരമായ സാധ്യതകളും കഥയുടെ ഫീലുമാണ് താൻ നോക്കാറുള്ളതെന്ന് സൽമാൻ പറയുന്നു. അമിതമായി ചിന്തിച്ച് തലപുകയ്ക്കാതിരിക്കാനാണ് തിരക്കഥകൾ വിശദമായി വായിക്കാത്തത്. അതേസമയം താൻ സ്വന്തമായി കഥകളും ആശയങ്ങളും എഴുതാറുണ്ടെന്നും എന്നാൽ മറ്റുള്ളവരുടെ സ്ക്രിപ്റ്റുകൾ വായിക്കുന്ന ശീലമില്ലെന്നും താരം വ്യക്തമാക്കി.
സിനിമകൾക്ക് പുറമെ പൊതുവേദികളിൽ താൻ ധരിക്കാറുള്ള കോടികൾ വിലമതിക്കുന്ന ലക്ഷ്വറി വാച്ചുകളെക്കുറിച്ചുള്ള ഗോസിപ്പുകൾക്കും സൽമാൻ ഖാൻ മറുപടി നൽകി. ഒരു കോടിയിലധികം വിലവരുന്ന ആഡംബര വാച്ചുകൾ ധരിച്ചാണ് താരം പൊതുവെ ക്യാമറകൾക്ക് മുന്നിലെത്താറുള്ളത്. എന്നാൽ ഈ വാച്ചുകളൊന്നും തന്റെ സ്വന്തമല്ലെന്നാണ് സൽമാൻ പറയുന്നത്. പല പൊതുവേദികളിലും താൻ ധരിച്ചു കാണുന്ന വാച്ചുകൾ ഓരോ സുഹൃത്തുക്കളിൽ നിന്നും വാങ്ങുന്നതാണെന്ന് താരം തമാശയോടെ വെളിപ്പെടുത്തി.
റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത 'രാജാ ശിവാജി' എന്ന ചിത്രത്തിലെ ജീവാ മഹാല എന്ന കാമിയോ റോളിലാണ് സൽമാൻ ഖാൻ ഒടുവിലായി സ്ക്രീനിലെത്തിയത്. വരാനിരിക്കുന്ന 'മാതൃഭൂമി' എന്ന ചിത്രമാണ് സൽമാന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.










0 comments