print edition ഗീതു മോഹൻദാസിന്റെ ‘ടോക്സിക്കി’ൽ മെലിസയായി രുക്മിണി വസന്ത്

പ്രതീഷ് ശേഖർ
Published on Jan 11, 2026, 12:01 AM | 1 min read
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയ്‌റി ടെയിൽ ഫോർ ഗ്രോൺ–-അപ്‌സ്’ എന്ന സിനിമയിൽ മെലിസ എന്ന കഥാപാത്രമായി രുക്‌മിണി വസന്ത് എത്തുന്നു. ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ‘ടോക്സിക്’ മാർച്ച് 19ന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും.
വെങ്കട് കെ നാരായണയും യാഷും ചേർന്ന് കെവിഎൻ പ്രൊഡക്‌ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ചിത്രമാണ് ടോക്സിക്. സംവിധായിക ഗീതു മോഹൻദാസ് രുക്മിണിയെക്കുറിച്ച് പറഞ്ഞത്: "രുക്മിണിയിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ളത് അവളിലെ അഭിനേത്രിയിലെ ബുദ്ധിശക്തിയാണ്. വെറുതെ അഭിനയിക്കുന്നില്ല, ചിന്തിച്ച് ആഴത്തിൽ പ്രോസസ് ചെയ്യുന്നു. സംശയത്തിൽനിന്നല്ല, കൗതുകത്തിൽനിന്നാണ് അവളുടെ ചോദ്യങ്ങൾ. അത് എന്നെയും ഒരു സംവിധായികയായി കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു; ചിലപ്പോൾ എന്റെതന്നെ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻപോലും. ഷോട്ടുകൾക്കിടയിൽ അവൾ ശാന്തമായി തന്റെ ജേർണലിൽ കുറിപ്പുകൾ എഴുതുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്; സെറ്റിലെ ചെറിയ അനുഭവങ്ങളും ചിന്തകളും. അവൾ സ്വന്തം ഉള്ളിലൊരു ലോകം നിർമിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ സമീപനം ചിന്താപരമാണ്; ചിലപ്പോൾ ആ കുറിപ്പുകളെടുത്ത് വായിക്കാൻ എനിക്കും തോന്നിപ്പോകും.’ ‘
ടോക്സിക്’ കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുഗു, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും ഒരേസമയം റിലീസാകും. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്‌ഷൻ ഡിസൈൻ ടി പി അബിദ്. ഹൈ-ഓക്ടെയ്ൻ ആക്‌ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെ ജെ പെറി (ജോൺ വിക്സ്)ക്കൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച്ച ഖംഫാക്ഡിയും ചേർന്നാണ് രൂപപ്പെടുത്തുന്നത്.










0 comments