'ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത ലോകം'; രശ്മിക മന്ദാനയുടെ 'മൈസ'യുടെ ചിത്രീകരണം കേരളത്തിൽ

ചിത്രത്തിന്റെ പോസ്റ്റർ
കൊച്ചി: രശ്മിക മന്ദാനയുടെ പുതിയ ചിത്രം 'മൈസ'യുടെ ചിത്രീകരണം കേരളത്തിൽ. 15 ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് കേരളത്തിൽ ചാർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നിർണ്ണായകമായ ആക്ഷൻ രംഗങ്ങളാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. താൻ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണിതെന്ന് രശ്മിക വ്യക്തമാക്കി.
"ഞാൻ ഇതുവരെ അവതരിപ്പിക്കാത്ത, കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകമാണിത്. അത്യധികം തീവ്രവും കഠിനവുമായ ഒരു കഥാപാത്രത്തെയാണ് മൈസയിൽ അവതരിപ്പിക്കുന്നത്"– പുതിയ ചിത്രത്തെക്കുറിച്ച് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം അത്യധികം ഉദ്വേഗജനകമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഒരു ബോൾഡ് ആക്ഷൻ നായികയായാകും ചിത്രത്തിൽ രശ്മിക പ്രത്യക്ഷപ്പെടുക.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം ഒരേസമയം തിയേറ്ററുകളിലെത്തും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം 'ആൺഫോർമുല ഫിലിംസി'ന്റെ ബാനറിൽ അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സായി ഗോപയാണ് സഹനിർമ്മാതാവ്.
'പുഷ്പ 2', 'ഛാവ', 'കുബേര' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പിന്നാലെ എത്തുന്ന 'മൈസ', രശ്മികയുടെ കരിയറിലെ തന്നെ ഏറ്റവും പരുക്കൻ കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ പിആർഒമാർ.











0 comments