ഒറിജിനലിനെ വെല്ലും!! രാജമൗലിയുടെ 'വാരണാസി'ഹൈദരാബാദിൽ പുനർജനിക്കുന്നു, സെറ്റിലെ ദൃശ്യങ്ങൾ വൈറൽ

'വാരണാസി' സിനിമാ ഷൂട്ടിംങ് സെറ്റിൽ നിന്നുള്ള ദൃശ്യം
ഹൈദരാബാദ്: 'ആർആർആർ' ന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യുടെ സെറ്റിലെ ചിത്രങ്ങൾ പുറത്ത്. യഥാർത്ഥ വാരാണസി നഗരത്തിൽ ഷൂട്ടിങ് നടത്തുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ, രാജമൗലി ഹൈദരാബാദിൽ വാരാണസി നഗരത്തിന്റെ തനി പകർപ്പ് തന്നെ നിർമ്മിച്ചിരിക്കുകയാണ്. 700 x 400 അടി വലിപ്പത്തിലാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ ഇടുങ്ങിയ വഴികളും പുരാതനക്ഷേത്രങ്ങളും ഘട്ടുകളും അതേപടി ഇവിടെ പുനർ നിർമ്മിച്ചിട്ടുണ്ട്. വാരാണസിയിലെ ചരിഞ്ഞ നിലയിലുള്ള, പ്രശസ്തമായ രത്നേശ്വർ മഹാദേവ് ക്ഷേത്രം, അതിന്റെ ചരിവും കൃത്യമായ അളവുകളും പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറിൽ ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. 2027 ഏപ്രിലിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജമൗലി ചിത്രങ്ങളുടെ പതിവ് ശൈലി പോലെ അതീവ രഹസ്യമായാണ് ഇതിന്റെ ചിത്രീകരണവും നടക്കുന്നത്. എന്നാൽ ടീസർ ലോഞ്ചിന് മുന്നോടിയായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് സെറ്റുകൾ സന്ദർശിക്കാൻ അവസരം അനുവദിച്ചതിനെത്തുടർന്നാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.










0 comments