രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’ ഫെബ്രുവരി 6 ന് തീയേറ്ററുകളിലെത്തും

കൊച്ചി: ഗോവ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്കെ വേദികളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ‘പെണ്ണും പൊറാട്ടും’റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 6 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക. നടനും സംവിധായകനുമായ രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമാണ്. റിലീസ് തീയതി അറിയിച്ചുള്ള ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.‘ഭീഷ്മ പർവ്വം’,‘റാണി പത്മിനി’തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫാന്റസിയും ആക്ഷേപഹാസ്യവും ആണ് ചിത്രത്തിന്റെ പ്രമേയം.
പട്ടട എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ഒരു കൂട്ടം ഗ്രാമീണരുടെ കഥ പറയുന്നതിനൊപ്പം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണിത്. ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്.
സുഹൃത്തായ രവി ശങ്കറുമായുള്ള കാലങ്ങളായുള്ള സംവാദങ്ങളിൽ നിന്നുമുദിച്ച ആശയങ്ങളാണ് ചിത്രത്തിലേക്ക് വഴിതെളിച്ചതെന്ന് രാജേഷ് മാധവൻ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. നൂറോളം പുതുമുഖങ്ങളെ വെച്ച് എടുത്ത ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് സമയം താൻ ഒരുപാട് ആസ്വദിച്ചു. ഒരു കാസ്റ്റിംഗ് സംവിധായകനായിരുന്നതു കൊണ്ടുതന്നെ അവരെ ഏവരെയും ഒരു കുടുംബംപോലെ സ്നേഹിക്കുവാൻ സാധിച്ചുവെന്നും രാജേഷ് മാധവൻ കൂട്ടിചേർത്തു.










0 comments