മനുഷ്യൻ! റിലീസിന് മുന്നേ തീ പാറിച്ച് 'പേട്രിയറ്റ്'
കൊച്ചി: ബിഗ് എംസ് ഒന്നിക്കുന്ന 'പേട്രിയറ്റി'ലെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സുഷിൻ ശ്യാം കഴിഞ്ഞ ദിവസം പുറത്തുവിട്ട 'മനുഷ്യൻ' എന്ന ഗാനത്തിന്റെ ഓഡിയോ ട്രാക്കിന് പിന്നാലെ ഇപ്പോൾ ലിറിക്കൽ വീഡിയോയും ട്രെൻഡിംഗാവുകയാണ്. മമ്മൂട്ടിയുടെ ഘനഗംഭീരമായ ശബ്ദവും ശക്തിശ്രീ ഗോപാലന്റെ ആലാപനവും ചേർന്നപ്പോൾ ഗാനം മറ്റൊരു തലത്തിലേക്ക് ഉയർന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ നൽകിയ വ്യത്യസ്തമായ ഈണം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പ്രേഷകർ ആകാംഷയോടെ കാത്തിരക്കുന്ന മഹേഷ് നാരായൺ ചിത്രം നാളെയാണ് തിയറ്ററുകളിലെത്തുന്നത്. സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രം സിനിമ മേഖലയ്ക്ക് വമ്പൻ പ്രതീക്ഷകളാണ് നൽകുന്നത്. 125 കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രേഷകർക്ക് മികച്ച ദൃശ്യവിസ്മയമായിരിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിലൊന്നായ 'പേട്രിയറ്റ്' തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ ബോക്സ് ഓഫീസിൽ തരംഗമായിട്ടുണ്ട്.
18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാർ സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മഹേഷ് നാരായണൻ ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്. സ്പൈ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'പേട്രിയറ്റ്' പൂർത്തിയായത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് മനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്നു. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.











0 comments