മഹാനടന്മാർ ഒന്നിക്കുന്ന 'പേട്രിയറ്റ്'; കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ റിലീസ് അപ്‌ഡേറ്റ്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റ്' മെയ് ഒന്നിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന റിലീസ് തീയതിയാണ് മെയ് ദിനത്തിലേക്ക് മാറ്റിയത്. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ തീയതി ആരാധകരെ അറിയിച്ചത്.
18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാർ സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മഹേഷ് നാരായണൻ ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്. ട്വന്റി-20ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'പേട്രിയറ്റ്' പൂർത്തിയായത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് മനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്നു. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.











0 comments