ad
Deshabhimani

ബോക്സ് ഓഫീസിൽ 'മമ്മൂട്ടി-മോഹൻലാൽ' ഷോ ; 'പേട്രിയറ്റ്' ആദ്യദിനം നേടിയത് എത്ര?

Mammootty Mohanlal

മോഹൻലാൽ (ഇടത്) മമ്മൂട്ടി (വലത്)

വെബ് ഡെസ്ക്

Published on May 02, 2026, 01:19 PM | 1 min read

കൊച്ചി : മലയാള സിനിമ കാത്തിരുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വിസ്മയകരമായ തുടക്കം കുറിച്ചു. ആഗോളതലത്തിൽ 2,636 ഷോകളിൽ നിന്നായി ചിത്രം 29.37 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. കേരള ബോക്സ് ഓഫീസിൽ മാത്രം ആദ്യദിനം 8.30 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിൽ ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന റെക്കോഡ് 'പേട്രിയറ്റ്' കരസ്ഥമാക്കി.


7.25 കോടി രൂപ നേടിയ മോഹൻലാൽ ചിത്രം 'ഒടിയനെ'യാണ് പേട്രിയറ്റ് പിന്നിലാക്കിയത്. നിലവിൽ 14.07 കോടി രൂപ നേടിയ എമ്പുരാൻ മാത്രമാണ് ഈ പട്ടികയിൽ ചിത്രത്തിന് മുന്നിലുള്ളത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് 11.37 കോടി രൂപയും വിദേശ വിപണികളിൽ നിന്ന് 18 കോടി രൂപയുമാണ് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. ആഗോളതലത്തിൽ 9.80 കോടി രൂപയുടെ നെറ്റ് കളക്ഷനും ചിത്രം ആദ്യദിനം രേഖപ്പെടുത്തി. മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും തകർത്താടിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.


ആധുനിക കാലഘട്ടത്തിൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഗാഡ്‌ജെറ്റുകളിലൂടെ വ്യക്തികളുടെ സ്വകാര്യത നിരീക്ഷിക്കപ്പെടുന്നതും സൈബർ ലോകത്തെ ഡാറ്റാ ചോർച്ചയും തട്ടിപ്പുകളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സ്പൈ-ഓറിയന്റഡ് പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിന്റെ മേക്കിംഗ് ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സൂപ്പർ ഹിറ്റ് ചിത്രം 'ട്വന്റി ട്വന്റി'ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


സിനിമയുടെ ആദ്യ പകുതി മമ്മൂട്ടിയും രണ്ടാം പകുതി മോഹൻലാലും കൈയടക്കിയതായി ആരാധകർ അഭിപ്രായപ്പെടുന്നു. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം സുഷിൻ ശ്യാമിന്റെ സംഗീതവും മനുഷ് നന്ദന്റെ ഛായാഗ്രഹണവും കൊണ്ട് ശ്രദ്ധേയമാണ്. ആന്റോ ജോസഫും കെജി അനിൽകുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home