അണിയറയിൽ ട്വിസ്റ്റോ? വൈറലായി ഫഹദിന്റെ സെൽഫി

ഫഹദ് ഫാസിൽ പോസ്റ്റ് ചെയ്‌ത ചിത്രം
കൊച്ചി : മമ്മൂട്ടി മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും ഏഡിറ്റിങും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് പേട്രിയറ്റ്. 19 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പോഴിതാ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ എന്നിവർക്കൊപ്പമുള്ള പേട്രിയറ്റ് സെൽഫിയാണ് ഫഹദ് പങ്കുവെച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ, പരസ്യ സംവിധായകനും നടനുമായ പ്രകാശ് വർമ്മ എന്നിവരും ഉണ്ട്. ഇന്ന് വൈകിട്ട് ആറ് മണിക്ക് സിനിമയുടെ ട്രെയ്ലർ റീലീസ് ചെയ്യും. ഇതിന് മുന്നോടിയായി എത്തിയ സെൽഫിയിലും 'വരുന്നുണ്ട്' എന്നാണ് ഫഹദ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ. മെയ് 1 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.
ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സിആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാതാക്കൾ. സിവി സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഇന്ത്യ, ശ്രീലങ്ക, യു കെ, അസർബെയ്ജാൻ, യുഎഇ എന്നീ രാജ്യങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്.











0 comments