ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ' ട്രെയിലർ പുറത്ത്; ജൂൺ അഞ്ചിന് തിയേറ്ററുകളിലേക്ക്

തിരുവനന്തപുരം : സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം - ഉർവശി ടീം വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ'യുടെ ട്രെയിലർ പുറത്തിറങ്ങി. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ക്രൈം കോമഡി ചിത്രം ജൂൺ അഞ്ചിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് അവതരിപ്പിക്കുന്നത്. തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജികെഎം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ് എന്നിവർ ചേർന്നാണ് നിർമാണം. പക്കാ ഫൺ എന്റർടെയ്‌നർ സൂചന നൽകുന്ന ട്രെയിലറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് സേതുപതി - നിത്യ മേനൻ ചിത്രം 'തലൈവൻ തലൈവി'ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജോർജ് സി വില്യംസ് ഛായാഗ്രഹണവും ഫോക്സ്ൻ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ: പ്രദീപ് ഇ രാഗവ്, കലാസംവിധാനം: ടി രാമലിംഗം, സംഘട്ടനം: കലൈ കിംഗ്സൺ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ. പിആർഒ - ശബരി.











0 comments