സിനിമാ പ്രേമികൾക്ക് ദൃശ്യവിരുന്ന് ഒരുക്കാൻ ഒടിടി: ഈ ആഴ്ചയിൽ വമ്പൻ റിലീസുകൾ

വാഴ2 മോഹിനിയാട്ടം ഡക്കോയ്റ്റ്: എ ലവ് സ്റ്റോറി സിനിമയുടെ പോസ്റ്ററുകൾ
തിരുവനന്തപുരം : സിനിമാ പ്രേമികൾക്ക് ദൃശ്യ വിരുന്നുമായി മെയ് എട്ടിന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വമ്പൻ റിലീസുകൾ എത്തുന്നു. മലയാളത്തിൽ നിന്ന് കാത്തിരുന്ന രണ്ടാം ഭാഗങ്ങളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നുള്ള ശ്രദ്ധേയ ചിത്രങ്ങളുമാണ് പ്രദർശനത്തിന് തയ്യാറെടുക്കുന്നത്.
പ്രധാന റിലീസുകൾ:
ഭരതനാട്യം 2: മോഹിനിയാട്ടം
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡി ത്രില്ലർ 2024ൽ പുറത്തിറങ്ങിയ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമാണ്. ഒരു കുടുംബ രഹസ്യം മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സസ്പെൻസും നർമ്മവും നിറഞ്ഞ ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ഒന്നാം ഭാഗമായ ഭരതനാട്യത്തിന് പില്‍ക്കാലത്ത് ഒടിടിയിലൂടെ ജനപ്രീതി നേടാനായെങ്കിലും ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീര്‍ത്ത് കൊടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിക്കു മുകളില്‍ സിനിമ നേടിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടാനായി.
ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
വാഴ 2
സവിൻ എസ്എ സംവിധാനം ചെയ്ത 'വാഴ 2' നാല് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയുള്ള രസകരമായ യാത്രയാണ്. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള പോരാട്ടം ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തും.
ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം മെയ് എട്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തിയ ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.
നവാഗതർ കേന്ദ്രകഥാപാത്രങ്ങളായ ഒരു മലയാള ചിത്രം ഇത്ര ചുരുങ്ങിയ കാലയളവിൽ 200 കോടി ക്ലബ്ബിലെത്തുന്നത് ആദ്യമായാണ്. നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായും വാഴ 2 മാറി. മലയാളത്തിന് പിന്നാലെ റിലീസ് ചെയ്ത തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് വിപിൻ ദാസാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ബിജു കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമായി. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിങും നിർവ്വഹിച്ചു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ പെൺകുട്ടികളുടെ കഥ പറയുന്ന 'വാഴ 3 - ബയോപിക് ഓഫ് ബില്യൺ ഗേൾസ്' എന്ന മൂന്നാം ഭാഗവും വിപിൻ ദാസ് പ്രഖ്യാപിച്ചു.
ഡക്കോയ്റ്റ്: എ ലവ് സ്റ്റോറി
അദിവി ശേഷും മൃണാൽ താക്കൂറും ആദ്യമായി ഒന്നിക്കുന്ന 'ഡക്കോയ്റ്റ്: എ ലവ് സ്റ്റോറി' പ്രണയവും വഞ്ചനയും പ്രതികാരവും പ്രമേയമാകുന്ന ഒരു ഗ്രിറ്റി ആക്ഷൻ ഡ്രാമയാണ്. ഷാനിൽ ഡിയോ സംവിധാനം ചെയ്ത ഈ ചിത്രം, ജീവിതത്തിൽ ചതിക്കപ്പെട്ട ഒരു മനുഷ്യൻ തന്റെ നഷ്ടപ്പെട്ട പ്രണയത്തിനും ആത്മസംതൃപ്തിക്കുമായി നടത്തുന്ന തീക്ഷ്ണമായ പോരാട്ടമാണ് ദൃശ്യാവിഷ്കരിക്കുന്നത്. റിയലിസ്റ്റിക്കും വൈകാരികവുമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ അദിവി ശേഷ്-മൃണാൽ താക്കൂർ കോമ്പോയുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി തന്നെയാണ് പ്രധാന ആകർഷണം. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലെത്തും
ഓ ബട്ടർഫ്ലൈ
വിജയ് രംഗനാഥൻ സംവിധാനം ചെയ്ത തമിഴ് മിസ്റ്ററി ത്രില്ലറാണിത്. വിജനമായ ഒരു മലമ്പ്രദേശത്തെ വീട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാനെത്തുന്ന ദമ്പതികൾക്കിടയിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിഗൂഢമായ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരുന്നതും തുടർന്നുണ്ടാകുന്ന പിരിമുറുക്കങ്ങളുമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. നിവേദിത സതീഷ്, സിബി ഭുവന ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രംസൺ നെസ്റ്റിലൂടെ മെയ് എട്ടിന് സ്ട്രാമിങ് ആരംഭിക്കും.
ലവ് മോക്ക്ടെയിൽ 3
ഡാർലിംഗ് കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച 'ലവ് മോക്ക്ടെയിൽ' ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണിത്. ആദ്യ രണ്ട് ഭാഗങ്ങളിലും പ്രണയത്തിന് പ്രാധാന്യം നൽകിയപ്പോൾ, ഈ ചിത്രത്തിൽ അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. താൻ ദത്തെടുത്ത നിധി എന്ന പെൺകുട്ടിയെ വളർത്തുന്ന ആദി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്കും, അവർക്കിടയിലുണ്ടാകുന്ന അപ്രതീക്ഷിത നിയമപോരാട്ടങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു. ഡാർലിംഗ് കൃഷ്ണ, മിലാന നാഗരാജ്, സംവൃത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ഇമോഷണൽ ഫാമിലി ഡ്രാമ മെയ് 8ന് സീ 5 പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും.










0 comments