അഭിപ്രായങ്ങൾ പറയാൻ ആരെയും ഭയക്കരുത്; നിലപാടുകൾ എന്നത് തീർത്തും വ്യക്തിപരം: മീനാക്ഷി അനൂപ്

തിരുവനന്തപുരം: സ്വന്തം അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ എവിടെയും തുറന്ന് പറയണമെന്നും മറ്റുള്ളവർ എന്ത് പറയും എന്ന് ധരിച്ചു സ്വന്തം അഭിപ്രായങ്ങൾ പറയാതെയിരിക്കരുതെന്നും നടിയും അവതാരികയുമായ മീനാക്ഷി അനൂപ്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറിൽ 'മീനാക്ഷിയോടൊപ്പം' ഇന്ററാക്ടിവ് സെഷനിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി.
കുട്ടികൾ സംശയങ്ങൾ ചോദിച്ചു വളരേണ്ടവരാണ്. അവർക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ അവർ ചൂണ്ടി കാണിക്കുകയും വേണം. എന്തെങ്കിലും ഒരു കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നത് അത് വിവാദമാകണം എന്ന ലക്ഷ്യത്തോടെയല്ല. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യമാണ് ഞാൻ പറയുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാണ് നാം ശ്രമിക്കേണ്ടത്. ഒരാളെയും അവരുടെ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. പണ്ട് സ്കൂളുകളിൽ പഠിച്ച വർണാ പിരമിഡ് ഒക്കെ ഇന്ന് ചോദ്യചെയ്യപ്പെടേണ്ടവയാണ്.
കുട്ടികളെ അവരുടെ നിലപാടുകൾ തുറന്നു പറയാൻ ആദ്യം പ്രോത്സാഹിപ്പിക്കേണ്ടത് അച്ഛനമ്മമാരാണ്. വീടുകളിൽ നിന്നാണ് അവർ ആദ്യപാഠങ്ങൾ പഠിക്കേണ്ടത്. എന്റെ അച്ഛനും അമ്മയും എന്റെ അഭിപ്രായങ്ങൾ മാനിക്കുന്നവരാണ്. അവർ ഒരിക്കലും അവരുടെ അഭിപ്രായങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാറില്ല. നിലപാടുകൾ എന്നത് തീർത്തും വ്യക്തിപരമായ ഒന്നാണ്. ഓരോരുത്തരും അവരുടെ നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചു നിൽക്കുകയാണ് വേണ്ടത്- മീനാക്ഷി പറഞ്ഞു.










0 comments