ad
Deshabhimani

'വിപ്ലവം അവസാനിക്കുന്നില്ല '... ത്രില്ലടിപ്പിക്കാൻ 'മണി ഹൈസ്റ്റ്' വീണ്ടും വരുന്നെന്ന് നെറ്റ്ഫ്ലിക്സ്

money heist new season
വെബ് ഡെസ്ക്

Published on May 11, 2026, 12:41 PM | 2 min read

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹൈസ്റ്റ് ക്രൈം ത്രില്ലർ സീരീസാണ് സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ മണി ഹൈസ്റ്റ് (ലാ കാസ ഡ പപ്പേൽ- La Casa de Papel). ആഗോളതലത്തിൽ ഒടിടി ഭീമൻമാരായ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സീരീസ് വ്യാപകമായി ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ മണി ഹൈസ്റ്റ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. മണി ഹൈസ്റ്റ് അവസാനിച്ചില്ലെന്നും അടുത്ത സീസൺ അണിയറയിൽ ഒരുങ്ങുകയാണെന്നുമാണ് നെറ്റ്ഫ്ലിക്സ് ഔദ്യോ​ഗികമായി അറിയിച്ചത്. വിപ്ലവം അവസാനിച്ചിട്ടില്ലെന്നും മണി ഹൈസ്റ്റിന്റെ ലോകം വീണ്ടും തുടരുകയാണെന്നും നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. ഹൈസ്റ്റ് ആരാധകർ ആവേശത്തോടെയാണ് നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനം ഏറ്റെടുത്തത്.


മൂന്ന് സീസണുകളിലായി അഞ്ച് ഭാ​ഗമായാണ് മണി ഹൈസ്റ്റ് പുറത്തിറങ്ങിയത്. 2017 മെയ് 2നാണ് ആദ്യ സീസണിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. 2019 ജൂലൈയിൽ രണ്ടാം സീസണും 2021 സെപ്തംബറിൽ മൂന്നാം സീസണും പുറത്തിറങ്ങി. മൂന്നാം സീസണിന്റെ അവസാനമായ അഞ്ചാം ഭാ​ഗം 2021 ഡിസംബറിലാണ് പുറത്തിറങ്ങിയത്. അഞ്ച് വർഷത്തിന് ശേഷമാണ് മണി ഹൈസ്റ്റ് അവസാനിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ് എത്തിയത്.





"ദ വേൾഡ് ഓഫ് മണി ഹീസ്റ്റ് കണ്ടിന്യൂസ്" എന്ന പേരിലാണ് പുതിയ ഭാ​ഗം നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. സീരീസിലെ പ്രധാന കഥാപാത്രമായ ബെർലിനെ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ബെർലിൻ എന്ന സീസണിന്റെ രണ്ടാം സീസൺ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പ്രഖ്യാപനം വരുന്നത്. എന്നാൽ പ്രൊഫസറടക്കമുള്ള നെറ്റ്ഫ്ലിക്സിലെ ജനപ്രിയ കഥാപാത്രങ്ങൾ പുതിയ സീസണിലുണ്ടോ എന്നതോ ആരൊക്കെയാണ് പുതിയ സീസണിലെ കഥാപാത്രങ്ങളെന്നോ സീരീസ് എന്ന് പുറത്തിറങ്ങുമെന്നോ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടില്ല.


മാഡ്രിഡിലാണ് മണി ഹൈസ്റ്റ് ആരംഭിക്കുന്നത്. "പ്രൊഫസർ" എന്ന പേരിലറിയപ്പെടുന്ന അതിബുദ്ധിമാനായ മനുഷ്യൻ തന്റെ സംഘാം​ഗങ്ങളോടൊപ്പം റോയൽ മിന്റ് ഓഫ് സ്പെയിൻ കൊള്ളയടിക്കുന്നതാണ് ആദ്യ സീസൺ. അജ്ഞാതത്വം നിലനിർത്താൻ വേണ്ടി നഗരങ്ങളുടെ പേരിലാണ് മറ്റ് കഥാപാത്രങ്ങളെല്ലാം അറിയപ്പെടുന്നത്.





എട്ട് പേരുമായി ആരംഭിച്ച ആദ്യ സംഘം പിന്നീടുള്ള സീസണുകളിൽ എണ്ണം വർ‌ധിപ്പിക്കുന്നു. മിന്റിനുള്ളിൽ പ്രവേശിച്ച് 67 പേരെ ബന്ദികളാക്കിയ ശേഷം 11 ദിവസം കൊണ്ട് പണം അച്ചടിച്ച് സംഘം പുറത്തുകടക്കുന്നു. ആദ്യ കവർച്ചയെ തുടർന്നുള്ള സംഭവങ്ങളിൽ പൊലീസ് പിടിയിലായ സംഘാം​ഗത്തെ രക്ഷിക്കാനും ബാങ്ക് ഓഫ് സ്പെയിനിൽ നിന്ന് സ്വർണ്ണം കൊള്ളയടിക്കുന്നതുമാണ് പിന്നീടുള്ള സീസണുകൾ. പ്രശസ്ത സ്പാനിഷ് സർ റിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലിയുടെ മുഖത്തിന് സമാനമായ മുഖം മൂടിയും ചുവന്ന ജമ്പ് സ്യൂട്ടുമാണ് മണി ഹൈസ്റ്റ് അം​ഗങ്ങളുടെ ഐക്കോണിക് വേഷം. നാസി- ഫാസിസ്റ്റ് വിരുദ്ധവും അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിരോധവും വിളിച്ചോതുന്ന ഇറ്റാലിയൻ നാടോടി ​ഗാനമായ ബെല്ല ചാവ് മണി ഹൈസ്റ്റിന്റെ നിർണായക ഘടകമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home