കണ്ട് നോക്കൂ, ഉറപ്പായും സിനിമ ഇഷ്ടമാകും; മോഹിനിയാട്ടത്തിന് ആശംസകളുമായി താരങ്ങൾ

ടോവിനോ തോമസ് (ഇടത്), മോഹിനിയാട്ടം സിനിമ പോസ്റ്റർ (നടുക്ക്), ദുൽഖർ സൽമാൻ (വലത്)
കൊച്ചി : തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സും ചേർന്ന് നിർമ്മിച്ച 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രത്തെ അഭിനന്ദിച്ചും അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നും മലയാളത്തിലെ പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, അജു വർഗീസ് എന്നിവർ രംഗത്തെത്തി.
സിനിമയെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നത്. ഒന്ന് ട്രൈ ചെയ്യൂ, നിങ്ങൾക്ക് സിനിമ ഇഷ്ടമാകും, എന്ന് ദുൽഖുർ സൽമാനും, മികച്ച അഭിപ്രായങ്ങൾ കേൾക്കുന്നു, ടീമിന് അഭിനന്ദനങ്ങൾ എന്ന് ടൊവിനോയും, അഭിനന്ദനങ്ങൾ സൈജു കുറുപ്പ് ഏട്ടാ, സിനിമയെപ്പറ്റി നല്ല റിപ്പോർട്ടുകൾ കേൾക്കുന്നു എന്ന് അജു വർഗീസും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.സഹപ്രവർത്തകരുടെ പിന്തുണ കൂടി ലഭിച്ചതോടെ സിനിമയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ സിനിമയ്ക്ക് ആദ്യദിനം ഭേദപ്പെട്ട കളക്ഷനാണ് ലഭിച്ചത്. സാക്നിൽക് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 31 ലക്ഷം രൂപയും ഇന്ത്യയിൽ നിന്ന് 28 ലക്ഷം രൂപയും ചിത്രം സ്വന്തമാക്കി. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ്ങാന് ചിത്രത്തിന് ലഭിക്കുന്നത്.
ഒരു ഡാർക്ക് ഹ്യൂമർ ജോണറിൽ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനങ്ങൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് 'മോഹിനിയാട്ടം' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ് നിർമ്മാണം.













0 comments