ബോക്സ് ഓഫീസിൽ കത്തിക്കയറി 'മോഹിനിയാട്ടം'; 25 കോടി ക്ലബ്ബിൽ

മോഹിനിയാട്ടം സിനിമ പോസ്റ്ററുകൾ
തിരുവനന്തപുരം : തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സും ചേർന്ന് നിർമിച്ച 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളിൽ കുതിപ്പ് തുടരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം 25 കോടി ആഗോള കളക്ഷൻ സ്വന്തമാക്കി സർപ്രൈസ് ഹിറ്റായി മാറി. ചിത്രത്തിന്റെ രസകരമായ തിരക്കഥയും മേക്കിങും മികച്ച തമാശകളുമാണ് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് രണ്ടാം ഭാഗമെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള അഭിപ്രായം.
സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സൈജു കുറുപ്പും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ചിത്രം ഇരുവരുടെയും കരിയറിലെ മികച്ച ചിത്രമായി മാറി. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമാണം.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപ് പും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ബബ്ലു അജു ഛായാഗ്രഹണവും ഷഫീഖ് വി ബി ചിത്രസംയോജനവും നിർവഹിക്കുന്നു. 'ഇലക്ട്രോണിക് കിളി'യാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ദിൽജിത് എം ദാസ് (കലാസംവിധാനം), ധനുഷ് നായനാർ (ശബ്ദസംവിധാനം), വിപിൻ നായർ (ശബ്ദമിശ്രണം), സുജിത് മട്ടന്നൂർ (വസ്ത്രാലങ്കാരം), മനോജ് കിരൺരാജ് (ചമയം) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. സാംസൺ സെബാസ്റ്റ്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും സൽമാൻ കെ എം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പിആർഒ എ എസ് ദിനേശ്.










0 comments