ad
Deshabhimani

പിറന്നാൾ നിറവിൽ മലയാളത്തിന്റെ 'ദൃശ്യ' വിസ്മയം; ലാലേട്ടന് ആശംസയുമായി മമ്മൂക്കയും

mohanlal

മോഹൻലാൽ

വെബ് ഡെസ്ക്

Published on May 21, 2026, 08:30 AM | 1 min read

കൊച്ചി: മലയാള സിനിമയുടെ അത്ഭുത പ്രതിഭ, പ്രേക്ഷകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 66-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളിക്ക് സന്തോഷവും സങ്കടവും പ്രണയവും വീര്യവുമെല്ലാം തീയേറ്ററുകളിൽ സമ്മാനിച്ച ഈ അഭിനയ വിസ്മയത്തിന് ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ ലോകവും ഹൃദയം നിറഞ്ഞ ആശംസകൾ നേരുകയാണ്.


1978-ൽ പുറത്തിറങ്ങാതെ പോയ 'തിരനോട്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ മോഹൻലാൽ, പിന്നീട് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലനായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചത്. എന്നാൽ ആ വില്ലനിൽ നിന്ന് പിന്നീട് അദ്ദേഹം നടന്നു കയറിയത് മലയാളിയുടെ ഹൃദയത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടത്തിലേക്കായിരുന്നു. കോമഡിയും ആക്ഷനും സെന്റിമെന്റ്സും ഒരുപോലെ വഴങ്ങുന്ന ആ ശരീരഭാഷ മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിച്ചു.


ഇത്തവണത്തെ പിറന്നാൾ ലാലേട്ടൻ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. ഏറെ നാളായി കാത്തിരുന്ന സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'ദൃശ്യം 3' അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ജോർജുകുട്ടിയുടെ പുതിയ തന്ത്രങ്ങൾ കാണാൻ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് പുതിയ ചിത്രവുമായി ലാലേട്ടൻ എത്തുന്നത്.


ഇന്ത്യൻ സിനിമയിലെ തന്നെ 'ദി കംപ്ലീറ്റ് ആക്ടർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഹൻലാലിനെ രാജ്യം പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ പരമോന്നത സംഭാവനകൾ പരിഗണിച്ച് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹം സ്വന്തമാക്കി.


എല്ലാ വർഷത്തെയും പോലെ ഇത്തവണയും മോഹൻലാലിന് ആശംസകളുമായി മലയാളത്തിന്റെ മമ്മൂട്ടി എത്തി. 'പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്ന വരികളോടെ ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഈ ആശംസ ഏറ്റെടുത്തു കഴിഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home