ad
Deshabhimani

ബേക്കലില്‍ വീണ്ടും അലയടിച്ച് 'ഉയിരേ'... 30 വർഷത്തിനു ശേഷം മനീഷ കൊയ്‍രാളയും മണിരത്നവും പ്രിയ ലൊക്കേഷനില്‍

maniratnam manisha at bekal
വെബ് ഡെസ്ക്

Published on Dec 20, 2025, 02:26 PM | 2 min read

കാസർകോട് : കാലം മായ്ക്കാത്ത ഓർമകളുടെ ആഴം തേടി ഷൈല ബാനു. ഒപ്പം മനീഷ കൊയ്രാളയെ ഷൈലയായി കാമറയിൽ പകർത്തിയ മണിരത്നവും രാജീവ് മേനോനും. വ്യത്യസ്തമായ ഒരു കൂടിച്ചേരലിനാണ് വർഷങ്ങൾക്കു ശേഷം ഇന്ന് ബേക്കൽ കോട്ട സാക്ഷിയായത്. മുപ്പത് വർഷങ്ങൾ മുമ്പ് പ്രേക്ഷകമനസിലേക്ക് നനുത്ത വേദന പടർത്തിയ ഉയിരേ... ഉയിരേ എന്ന ​ഗാനത്തിന്റെ ലൊക്കേഷനായ കോട്ടയിലേക്ക് ചിത്രത്തിന്റെ സംവിധായകനും നായികയും ഛായ​ഗ്രാഹകനും വീണ്ടുമെത്തുന്ന അപൂർവതയ്ക്കാണ് ബേക്കൽ സാക്ഷിയായത്.


maniratnam manisha at bekal


ഇന്ത്യൻ സിനിമകളിൽ അധികമാരും മറക്കാനിടയില്ലാത്ത ചിത്രമാണ് ബോംബെ. മണിരത്നത്തിന്റെ ക്ലാസിക് സിനിമകളിലൊന്നായ ബോംബെയും ചിത്രത്തിലെ വിരഹാർദ്രമായ ഉയിരേ ഉയിരേ എന്ന ​ഗാനവും ഏറെ പ്രേക്ഷപപ്രീതി നേടിയവയായിരുന്നു. കാസർകോട് ബേക്കൽ കോട്ടയിലാണ് ഉയിരേയിലെ ഭൂരിഭാ​ഗം രം​ഗങ്ങളും ചിത്രീകരിച്ചത്. 30 വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിലെ നായിക മനീഷ കൊയ്രാളയും സംവിധായകൻ മണിരത്നവും വീണ്ടും ബേക്കലിലെത്തിയത്. ‘ബോംബെ’ സിനിമയുടെയും ബേക്കൽ റിസോർട്ട് ഡിവലപ്‌മെന്റ് കോർപ്പറേഷന്റെ(ബിആർഡിസി)യും 30-ാം വാർഷികാഘോഷങ്ങൾക്കായാണ് ഇരുവരും ബേക്കലിലെത്തിയത്. ഛായാഗ്രഹകൻ രാജീവ് മേനോനും ഒപ്പമുണ്ട്. ശനിയാഴ്ച രാവിലെ മനീഷ കൊയ്‌രാളയും മണിരത്നവും രാജീവ് മേനോനും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം ബേക്കൽ കോട്ട സന്ദർശിച്ചു.


maniratnam manisha at bekal


1995ൽ പുറത്തിറങ്ങിയ ബോംബെയിൽ നായകനായ ശേഖർ നാരായണന്റെയും നായിക ഷൈല ബാനുവിന്റെയും ഊഷ്മളമായ പ്രണയരം​ഗങ്ങൾ ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലാണ്. നനുത്ത മഴയുടെയും ആഞ്ഞടിക്കുന്ന തിരമാലകളുടെയും പശ്ചാത്തലത്തിലുള്ള ഉയിരേ എന്ന ​ഗാനത്തിൽ ബേക്കലിന്റെ സൗന്ദര്യം പൂർണമായി കാണാം. തന്റെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് ബേക്കലെന്ന് സംവിധായകൻ മണിരത്നം വ്യക്തമാക്കി.


കരിയറിലെ തന്നെ വഴിത്തിരിവായ ബോംബെയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നിൽ വീണ്ടും എത്തിയതിന്റെ സന്തോഷം നടി മനീഷ കൊയ്രാളയും പങ്കുവച്ചു. കാസർകോട്ടെ തളങ്കരയിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. നായകനായ ശേഖറിൻ്റെയും ഷൈലാ ബാനുവിൻ്റെയും വീടുകൾ സ്ഥിതി ചെയ്തിരുന്നത് തളങ്കരയിലായിരുന്നു. തീവണ്ടിയിറങ്ങി വരുന്ന നായകൻ തോണിയിറങ്ങി വരുന്ന നായികയെ ആദ്യം കാണുന്നത് ചിത്രീകരിച്ചതും തളങ്കരയിലാണ്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ ശേഖറായെത്തിയത്. ഇന്നും പ്രേക്ഷകർ ഏറ്റുപാടുന്ന ചിത്രത്തിലെ ​ഗാനങ്ങളൊരുക്കിയത് എ ആർ റഹ്മാൻ ആണ്. മികച്ച ഛായാഗ്രഹണത്തിനടക്കം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം വാണിജ്യവിജയവും നേടി.


maniratnam manisha at bekal


’ഉയിരേ...’ ഗാനത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ബേക്കൽ കോട്ടയെ സിനിമാപ്രേമികൾക്കിടയിൽ വീണ്ടും പരിചയപ്പെടുത്തുക, പ്രദേശത്തെ സിനി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബിആർഡിസിയും ടൂറിസം വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ബീച്ച്‌ ഫെസ്‌റ്റിവലിന്റെ മൂന്നാംപതിപ്പ്‌ പള്ളിക്കര ബീച്ച്‌ പാർക്കിൽ ഇന്ന് വൈകിട്ട്‌ 4.30ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home