ad
Deshabhimani

മലയാളത്തിൽ ഇനി ബിഗ് ബജറ്റ് യുഗം; 'പേട്രിയറ്റ്' ചരിത്രം തിരുത്തുമെന്ന് മമ്മൂട്ടി

Patriot

ചിത്രത്തിന്‍റെ പോസ്റ്റര്‍

വെബ് ഡെസ്ക്

Published on Apr 25, 2026, 09:52 AM | 1 min read

കൊച്ചി: മലയാള സിനിമയിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പുത്തൻ തരംഗത്തിന് 'പേട്രിയറ്റ്' വഴിയൊരുക്കുമെന്ന് മമ്മൂട്ടി. ഇതരഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ, മലയാളത്തിലെ അത്തരം വലിയ ശ്രമങ്ങളെ വേണ്ടത്ര പിന്തുണച്ചിരുന്നില്ലെന്നും എന്നാൽ 'പേട്രിയറ്റ്' ആ പതിവ് തിരുത്തിക്കുറിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചിത്രത്തിന്റെ പ്രചാരണാർത്ഥം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളത്തിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും ഉയർന്ന നിർമ്മാണച്ചെലവുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് ഈ സിനിമ എത്തുന്നത്. ചിത്രത്തിന്റെ സെൻസറിങ്ങ് നടപടികൾ പൂർത്തിയായതായും സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ മഹേഷ് നാരായണൻ അറിയിച്ചു.


മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.ജി. എബ്രഹാം, ആന്റോ ജോസഫ്, സി.ആർ. സലീം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മലയാള സിനിമയുടെ ആഗോള വിപണി തന്നെ മാറ്റാൻ കെല്പുള്ള ചിത്രമായാണ് സിനിമാ ലോകം 'പേട്രിയറ്റി'നെ നോക്കിക്കാണുന്നത്.


ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളാണ്. ഇന്ത്യ, ശ്രീലങ്ക, യു കെ, അസർബെയ്ജാൻ, യുഎഇ എന്നീ രാജ്യങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്.


ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജിനു ജോസഫ്, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home