മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടിയിലേക്ക്; ഈ ആഴ്ച എത്തുന്ന പുതിയ സിനിമകൾ

പേട്രിയറ്റ്
തിരുവനന്തപുരം: ഒന്നിനുപുറകെ ഒന്നായി വമ്പൻ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നതോടെ സിനിമാ പ്രേമികൾക്ക് ഇനി ഉത്സവക്കാലം. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ‘പേട്രിയറ്റ്’ അടക്കം വൻ താരനിര അണിനിരക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച മുതൽ പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക് എത്തുന്നത്.
തിയേറ്റർ പൂരത്തിന് ശേഷം ‘പേട്രിയറ്റ്’ സീ5-ലേക്ക്
മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തി തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘പേട്രിയറ്റ്’ ഒടിടി റിലീസിന് സജ്ജമായിക്കഴിഞ്ഞു. ജൂൺ 5 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ5’ (Zee5) വഴി ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലും ചിത്രം ലഭ്യമാകും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.
ഷെയ്ൻ നിഗത്തിന്റെ ‘ദൃഢം’ ഹോട്ട്സ്റ്റാറിലേക്ക്
യുവതാരം ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ദൃഢം’ ജൂൺ 12 മുതൽ പ്രേക്ഷകരിലേക്ക് എത്തും. ‘ജിയോ ഹോട്ട്സ്റ്റാർ’ ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ തുടങ്ങിയ വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്.
‘കാർമേനി സെൽവം’ ആമസോൺ പ്രൈമിൽ
സമുദ്രക്കനി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം ചക്രി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കാർമേനി സെൽവം’ ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഗൗതം വാസുദേവ മേനോൻ, അഭിനയ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ജയ് ചിത്രം ‘സട്രെൻട്ര് മാറുത് വാനിലൈ’
യുവനടൻ ജയ് നായകനായി തിയേറ്ററുകളിൽ ശ്രദ്ധനേടിയ ‘സട്രെൻട്ര് മാറുത് വാനിലൈ’ ജൂൺ 5 മുതൽ ഒടിടിയിൽ ലഭ്യമാകും. ‘ആഹാ തമിഴ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാബു വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ഗോവിന്ദരാജൻ, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.
ധ്രുവ് സർജയുടെ ‘കെഡി ദി ഡെവിൽ’
കന്നഡ ആക്ഷൻ താരം ധ്രുവ് സർജ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘കെഡി ദി ഡെവിൽ’ ജൂൺ 5 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. സീ 5-ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രേം സംവിധാനം ചെയ്ത ചിത്രത്തിൽ കിച്ച സുദീപ്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും അണിനിരക്കുന്നുണ്ട്.










0 comments