രഞ്ജിത്ത്–പ്രകാശ് വർമ്മ ചിത്രം; ‘ലോ ആൻഡ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി : രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ലോ ആൻഡ് ഓർഡർ’ നാളെ (സെപ്തംബർ 18) തീയറ്ററുകളിലെത്തും. സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവി ക്ഷേത്രയുടെയും ബാനറിൽ പ്രേമചന്ദ്രൻ എജിയും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നീതി നിർവഹണത്തിനായി രംഗത്തിറങ്ങുന്ന അഞ്ച് യുവാക്കളുടെയും അവരുടെ വഴികാട്ടിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും ഔദ്യോഗിക, വ്യക്തിജീവിതങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
രഞ്ജിത്തിന്റെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുമെന്ന റിപ്പോർട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയാക്കിയത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആക്ഷനൊപ്പം ഇമോഷണൽ ഡ്രാമയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രം കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിടുന്നു. ‘ജോർജ് സാർ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രകാശ് വർമ്മയും ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഭിരാമിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷാ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.









0 comments