'പ്രായം വെറും നമ്പറല്ല, സൂപ്പർതാരങ്ങൾ കളം മാറണം'; വെട്ടിത്തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ

മുംബൈ: ബോളിവുഡിലെ നിത്യഹരിത നായകന്മാരായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ തങ്ങളുടെ കരിയറിലെ മാറ്റങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായെന്ന് നടൻ ഇമ്രാൻ ഖാൻ. പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലേക്ക് അവർ മാറേണ്ടതുണ്ടെന്നും ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ലീഡ് റോളുകളിൽ തുടരുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"മൂന്ന് ഖാൻമാർക്കും ഇപ്പോൾ 60 വയസ്സ് കഴിഞ്ഞു. കഴിഞ്ഞ 30 വർഷമായി അവർ സമാനതകളില്ലാത്ത താരപദവി ആസ്വദിക്കുന്നു. എന്നാൽ പ്രായം കൂടുമ്പോൾ അഭിനയിക്കുന്ന കഥാപാത്രങ്ങളിലും മാറ്റം വരുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്.
"യുവതലമുറയ്ക്ക് തങ്ങളുമായി പ്രായത്തിലും ജീവിതാനുഭവങ്ങളിലും സാമ്യമുള്ള അഭിനേതാക്കളെയാണ് കാണാൻ ഇഷ്ടം. സിനിമയിലെ കഥാപാത്രങ്ങളിൽ സ്വന്തം ജീവിതം കാണാനാണ് പ്രേക്ഷകർ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു 70 വയസ്സുകാരന്റെ കഥ കാണാൻ ഇന്നത്തെ യുവാക്കൾക്ക് താല്പര്യമുണ്ടാകില്ല," ഇമ്രാൻ പറഞ്ഞു.
ഖാൻമാരുടെ സമീപകാല ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം വിലയിരുത്തിയാൽ ഇമ്രാന്റെ വാക്കുകൾ പ്രസക്തമാണ്. ഷാരുഖ് ഖാന്റെ 'ജവാൻ', 'പത്താൻ' എന്നിവ വലിയ വിജയമായെങ്കിലും 'ഡങ്കി' പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ' പരാജയമായിരുന്നു. സൽമാൻ ഖാന്റെ ഒട്ടുമിക്ക ചിത്രങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബോക്സ് ഓഫീസിൽ പതറുകയാണ്. പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറിക്കഴിഞ്ഞെന്നും താരപദവിയേക്കാൾ ഉള്ളടക്കത്തിനാണ് ഇപ്പോൾ പ്രാധാന്യമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.










0 comments