പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20ന്; മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാലും

ഖലീഫ സിനിമയുടെ പോസ്റ്റർ (ഇടത്) വൈശാഖ്, മോഹൻലാൽ (വലത്)| Photo: Socialmedia
തിരുവനന്തപുരം : പൃഥ്വിരാജ് സുകുമാരൻ - വൈശാഖ് കൂട്ടുകെട്ടിന്റെ മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20ന് തീയേറ്ററുകളിലേക്ക്. വൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഖലീഫയിൽ മോഹൻലാൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന അതിഥി വേഷത്തിലെത്തുന്നു എന്നതാണ് പ്രധാന ആകർഷണം. മോഹൻലാലിന്റെ സാന്നിധ്യം റിലീസിന് മുന്നേ തന്നെ സിനിമയുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിട്ടുണ്ട്. ബോളിവുഡ് താരം മാളവിക ശർമ്മ നായികയായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അസലായവളെ എന്ന ഗാനം സോഷ്യൽ മീഡിയയിലും മ്യൂസിക് ചാർട്ടുകളിലും തരംഗമായിക്കഴിഞ്ഞു. നാല്പതുകളിലും പൃഥ്വിരാജിന്റെ മാസ് ലുക്കിലുള്ള ലൊക്കേഷൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ദുബായിൽ പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത് ജിനു വി എബ്രഹാമാണ്
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമാതാക്കളായ ചിത്രത്തിന്റെ ക്യാമറ ജോമോൻ ടി ജോണാണ്. ചമൻ ചാക്കോ എഡിറ്റിംഗും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. മഷർ ഹംസ (വസ്ത്രാലങ്കാരം), അമൽ ചന്ദ്രൻ (മേക്കപ്പ്), സിങ്ക് സിനിമ (സൗണ്ട് ഡിസൈൻ) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.










0 comments