യഷ് ബോളിവുഡിലേക്ക്

കന്നഡ സൂപ്പർ താരം യഷ് ബോളിവുഡിലേക്ക്. റിലീസിനൊരുങ്ങുന്ന ‘രാമായണം പാർട്ട് 1' രാവണനായാണ് യഷിന്റെ ബോളിവുഡ് അരങ്ങേറ്റം. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലൂടെ ഹിന്ദി ഭാഷ പഠിക്കാനുള്ള ഒരു അവസരവും ലഭിച്ചെന്ന് യഷ് പറഞ്ഞു. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരും ഒരൊറ്റ കാഴ്ചപ്പാടോടെയും ദൃഢനിശ്ചയത്തോടെയുമാണ് ഇതിലേക്ക് വന്നത്.- നമ്മുടെ കഥയെ ആഗോള പ്ലാറ്റ്‌ഫോമിൽ എത്തിക്കുക എന്നതുമാത്രമാണ് ആ ലക്ഷ്യം. അതുകൊണ്ടുതന്നെ തങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങളെല്ലാം മാറ്റിവച്ചാണ് ഇവിടെ നിൽക്കുന്നതെന്നും ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ യഷ് പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രൺബീർ കപുർ, സായ് പല്ലവി, സണ്ണി ഡിയോൾ, ശോഭന, രാകുൽ പ്രീത് സിങ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിര ഭാഗമാണ്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ചേർന്നാണ് സംഗീതം.










0 comments