കേരള ബോക്സ് ഓഫീസിൽ റെക്കോഡ് കുതിപ്പുമായി ‘ജയിലർ 2’; ആദ്യദിന കളക്ഷനിൽ ‘ലിയോ’യെ മറികടന്നു

ജയിലർ സിനിമയുടെ പോസ്റ്റർ (ഇടത്) രജനികാന്ത് (വലത്)| Photo: Social Media
തിരുവനന്തപുരം : രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ കേരളത്തിലെ തീയേറ്ററുകളിൽ വൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. റിലീസ് ദിനത്തിൽ കേരളത്തിൽ ഏകദേശം 4,000 പ്രദർശനങ്ങൾ നടന്ന ചിത്രത്തിന് 1,600 ഓളം ഹൗസ്ഫുൾ ഷോകളാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ആദ്യദിന ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോഡും ചിത്രം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. വിജയ് ചിത്രം ‘ലിയോ’ നേടിയ 12 കോടി രൂപയുടെ ആദ്യദിന കളക്ഷനാണ് ‘ജയിലർ 2’ മറികടന്നത്.
റിലീസിന് മുമ്പ് കേരളത്തിൽ ഏകദേശം എട്ട് കോടി രൂപയുടെ പ്രീസെയിൽസ് നേടിയ ചിത്രം, റിലീസിന് ശേഷവും ബുക്കിങ്ങിൽ മുന്നേറ്റം തുടരുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായും ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോയിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജോടെയും എത്തിയ ചിത്രത്തിന് രണ്ടാം ദിനവും നിരവധി ഹൗസ്ഫുൾ ഷോകൾ ലഭിക്കുന്നുണ്ട്. കേരളത്തിലെ 800 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. റിലീസ് ദിനത്തിൽ ചില തീയേറ്ററുകളിൽ 24 മണിക്കൂർ മാരത്തൺ ഷോകളും ഉണ്ടായിരുന്നു.
രജനീകാന്തിനൊപ്പം മോഹൻലാൽ എത്തുന്നതും ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വലിയ സ്വീകരണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. ജയിലർ ആദ്യഭാഗത്തിന്റെ വിജയത്തിനു ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും ഹൃത്വിക് റോഷനും അതിഥി വേഷങ്ങളിലെത്തുന്നു.
സുരാജ് വെഞ്ഞാറമൂട്, എസ്ജെ സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, ജാക്കി ഷെറോഫ്, നമോ നാരായണൻ, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനശൈലി, ആക്ഷൻ രംഗങ്ങൾ, ബ്ലാക്ക് ഹ്യൂമർ, അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം, പശ്ചാത്തലസംഗീതം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.
സൺ പിക്ചേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം നിർവഹിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി.







0 comments