സിനിമ ആസ്വാദകർക്ക് പുത്തൻ ദൃശ്യവിസ്മയം; ഇന്ത്യയിലെ ആദ്യ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ

നടൻ ടോവിനോ തോമസ് പെരുമ്പിലാവിലെ തിയറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
കൊച്ചി : ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് സിനിമാസ്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ വിസ്മയം കൊച്ചി കാക്കനാടാണ് ഒരുങ്ങുന്നത്. കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കൺ മാളിൽ മാജിക് ഫ്രെയിംസിന്റെ പുതിയ തിയറ്റർ സമുച്ചയം ഉദ്ഘാടനം ചെയ്യവേയാണ് ലിസ്റ്റിൻ ഈ അഭിമാനകരമായ നേട്ടത്തെപ്പറ്റി പങ്കുവെച്ചത്.
സിനിമ ആസ്വാദകർക്ക് ഏറ്റവും മികച്ച ദൃശ്യ-ശ്രവ്യാനുഭവം നൽകുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് കാക്കനാട്ടെ തിയറ്റർ സമുച്ചയം ഒരുങ്ങുന്നത്. മാജിക് ഫ്രെയിംസ് ഗ്രൂപ്പിന്റെ 45-ാമത്തെ തിയറ്ററാണ് പെരുമ്പിലാവിലേത്. നടൻ ടൊവിനോ തോമസാണ് ഉദ്ഘാടനം നിർവഹിച്ചത്. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ വിവിധ സ്ക്രീനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമ്മാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു തുടങ്ങി സിനിമാ മേഖലയിലുള്ളവരും പങ്കെടുത്തു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ സംഗമസ്ഥാനമായ പെരുമ്പിലാവിലെ സിനിമ പ്രേമികൾക്ക് വലിയ ആവേശമാണ് ഈ പുതിയ തിയറ്റർ സമുച്ചയം പകരുന്നത്. നിലവിൽ ഇവിടെ റീലിസിങ് തിയറ്ററുകൾ ഉണ്ടായിരുന്നില്ല. ഹർത്താൽ ദിനത്തിലും വൻ ജനപങ്കാളിത്തമാണ് ഉദ്ഘാടന ചടങ്ങിൽ ഉണ്ടായത്. നാല് സ്ക്രീനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നു മുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും.
ലോകത്തിലെ ആദ്യ ട്രാൻസ്പെരന്റ് എൽഇഡി തിയറ്റർ സ്ക്രീൻ ദക്ഷിണ കൊറിയയിലെ സൗളിലാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ കാക്കനാട് യാഥാർത്ഥ്യമാകുന്നു.










0 comments