കാമറയ്ക്ക് മുൻപിൽ സന്തോഷിക്കാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടും; പല വികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്: ഭാവന

കൊച്ചി: പല പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ സന്തോഷിക്കാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടുമെന്നും താല്പര്യമെങ്കിലും അത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും നടി ഭാവന. പുതിയ ചിത്രം അനോമിയുമായി ബന്ധപ്പെട്ട് ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
പ്രശ്‌നങ്ങൾ വന്നാൽ എല്ലാം ഉള്ളിലൊതുക്കി വെച്ച് ആരോടും ഒന്നും പങ്കുവെക്കാതെ ഇരിക്കുന്നത് മോശം ശീലമാണെന്ന് അറിയാം. പക്ഷെ അത് മാറ്റാൻ കഴിയുന്നില്ല. മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണം എന്ന് ചിന്ത വന്നു. അപ്പോള്‍ അതാണ് ശരി എന്ന് തോന്നി. ഭാഗ്യവശാല്‍ ആ സമയത്ത് വിവാഹം കഴിഞ്ഞു, ബെംഗളൂരുവില്‍ സെറ്റില്‍ഡും ആയി.
ആളുകൾക്ക് മുൻപിൽ കരയാൻ ഇഷ്ടമല്ല. അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല. കാരണം അത് അമ്മയെ ഒരുപാട് വിഷമിപ്പിക്കുമെന്ന് എനിക്കറിയാം. ചെറിയ മൂഡ് സ്വിങ്‌സോ മറ്റോ ഉണ്ടായാൽ പോലും, ഞാൻ വാട്‌സ്ആപ്പ് ഡീആക്ടിവേറ്റ് ചെയ്യും. അല്ലെങ്കിൽ സ്റ്റാറ്റസ് അർജന്റ് മെസേജസ് ഓൺലി ആക്കും. ഡിപി കളയും.
ഒറ്റവാക്കില്‍ പറയുക ബുദ്ധിമുട്ടാണ്. പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകാന്‍ ശ്രമിക്കുകയായിരിക്കും. എന്റെ പ്രശ്‌നം കാരണം മറ്റാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് എപ്പോഴും എന്റെ ചിന്ത പോവുക. മനസ് ശാന്തമായ ശേഷമേ മറ്റുള്ളവരോട് ഞാൻ നേരിടുന്നതിനെ കുറിച്ച് ഷെയർ ചെയ്യാറുള്ളൂ - ഭാവന പറഞ്ഞു.
ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന "അനോമി' 30നാണ് തീയേറ്ററുകളിൽ എത്തുന്നത്. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധനവും നിർവഹിച്ചിരിക്കുന്നത് റിയാസ് മാരാത്ത് ആണ്.
സാറാ ഫിലിപ്പ് എന്ന ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീൽ പങ്കുവച്ചാണ് അണിയറപ്രവർത്തകർ മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഭാവനയുടെ കരിയറിലെ 23 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ വർഷങ്ങൾക്കിടയിൽ 89 ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി.
മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ്, തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ഭാവനയുടെ റീൽ പങ്കുവച്ചു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.
ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.










0 comments