'ദ രാജാസാബ്' പ്രദർശനത്തിടെ ആരതി ഉഴിഞ്ഞു; ഒഡീഷയിലെ തീയേറ്ററിൽ തീപിടിത്തം, ആളപായമില്ല

ഭുവനേശ്വർ: ആരാധന അതിര് കടന്നു. പ്രഭാസ് ചിത്രം ദ രാജാസാബ്' പ്രദർശനത്തിടെ ആരതി ഉഴിഞ്ഞതിനെ തുടർന്ന് തീയേറ്ററിൽ തീപിടിത്തമുണ്ടായി. ആളപായമില്ല. ഒഡീഷയിലെ റായഗദ്ദ അശോക ടോക്കീസിലാണ് സംഭവം.
ആരതി ഉഴിയാനുള്ള താലവുമായിട്ടായിരുന്നു ആരാധകർ തീയേറ്ററിലെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ എൻട്രിക്കിടെ ചെറുപടക്കങ്ങളും ആരാധകർ പൊട്ടിച്ചു. ഇതോടെയാണ് തീയേറ്ററിനുള്ളിൽ തീപ്പിടിത്തമുണ്ടായത്. ആരാധകർ തന്നെ ഇത് കെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
സ്‌ക്രീനിന്റെ തൊട്ടുമുമ്പിലാണ് തീപ്പിടിത്തമുണ്ടായത്. ഭയന്നുപോയ പ്രേക്ഷകർ പലരും തീയേറ്ററിനുള്ളിൽനിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ നടപടിയായി പ്രദർശനം താത്ക്കാലികമായി നിർത്തിവച്ചു.
പ്രഭാസ് നായകനായ ഹൊറർ- ഫാന്റസി ചിത്രം 'ദ രാജാസാബ്' വെള്ളിയാഴ്ചയാണ് തീയേറ്ററിൽ പ്രദർശനത്തിനെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.










0 comments