ഓരോ സിനിമയ്ക്കും സമയമുണ്ട്; ലോകയുടെ കൂടെ തലവര ഇറങ്ങരുതായിരുന്നു, ഒടിടിയിൽ ലഭിക്കുന്നത് വലിയ സ്വീകാര്യത: അർജുൻ അശോകൻ

കൊച്ചി: സമയം നോക്കി തങ്ങൾ സിനിമ ഇറക്കണമായിരുന്നുവെന്നും ഓരോ സിനിമയ്ക്കും അതിന്റേതായ സമയമുണ്ടെന്നും അവസാനം പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് അർജുൻ അശോകൻ. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'തലവര'യ്ക്ക് ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായം ലഭിക്കുന്നതിനിടെയിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലോക പോലെയുള്ള വലിയ ബജറ്റും വലിയ കാസ്റ്റും ഉള്ള സിനിമ റിലീസ് ചെയ്യുന്ന സമയത്ത് സ്വാഭാവികമായി പ്രേക്ഷകർ അതിനായിരിക്കും പ്രാധാന്യം കൊടുക്കുക. തലവര അതിൽ നിന്ന് വ്യത്യസ്തമാണ്. സ്വാഭാവികമായും പ്രേക്ഷകർ സിനിമയെ സ്വീകരിക്കാൻ സമയം എടുക്കും. ലോകയുടെ സമയത്ത് തലവര ഇറങ്ങരുതായിരുന്നു എന്നാണ് അഭിപ്രായം. എന്നാൽ ഒടിടി റിലീസിന് ശേഷം സന്തോഷം നൽകുന്ന അഭിപ്രായങ്ങളാണ് കേട്ടത്. തിയേറ്ററിൽ കാര്യമായി ഓടാത്തതിന്റെ വിഷമം ഇപ്പോൾ മാറി- അർജുൻ അശോകൻ പറഞ്ഞു.
അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലേത്. പാലക്കാടിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ സിനിമയിലുള്ളത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമായിരുന്നു.









0 comments