ad
Deshabhimani

ഓണത്തിന് ഒന്നിച്ചിറങ്ങാം: 'ഐ ആം ഗെയിം' ട്രെയിലറിന് ആശംസകളുമായി പൃഥ്വിരാജും നിവിൻ പോളിയും

movie

ദുൽഖർ സൽമാൻ, പ്രിത്വിരാജ് സുകുമാരൻ, നിവിൻ പോളി| Photo; Social Media

വെബ് ഡെസ്ക്

Published on Jul 31, 2026, 05:42 PM | 2 min read

കൊച്ചി : ഓണം റിലീസുകളിൽ ബോക്‌സ് ഓഫീസ് തരംഗമാകാൻ ദുൽഖർ സൽമാന്റെ 40-ാം ചിത്രം 'ഐ ആം ഗെയിം'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് സിനിമാ പ്രേമികളിൽ നിന്നും വൻ സ്വീകരണമാണ് ലഭിക്കുന്നത്. ആർഡിഎക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് നിർമിക്കുന്നത്. ട്രെയിലറിലെ ദുൽഖറിന്റെ സ്റ്റൈലിഷ് ലുക്കും മാസ് പ്രകടനവുമാണ് പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നത്.


ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്ത് നിന്ന് വൻ പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ മുൻനിര നായകന്മാരായ പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിനും ദുൽഖറിനും ആശംസകളുമായി എത്തി. ഗംഭീരം, ദുൽഖർ സൽമാനും നഹാസ് ഹിദായത്തിനും ഐ ആം ഗെയിം ടീമിനും ആശംസകൾ, എന്ന് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചപ്പോൾ, നന്ദി പ്രിത്വി ഖലീഫയ്ക്കായി കാത്തിരിക്കുന്നു, എന്നായിരുന്നു ദുൽഖറിന്റെ പ്രതികരണം.


കില്ലർ ട്രെയിലർ, ഐ ആം ഗെയിം ടീമിന് ആശംസകൾ ഓണത്തിന് ഒന്നിച്ചിറങ്ങാം, എന്ന നിവിൻ പോളിയുടെ പോസ്റ്റിന്, പിന്നല്ല നന്ദി മച്ചാനെ, ഒരുപാട് സ്‌നേഹം, എന്ന് ദുൽഖറും മറുപടി നൽകി. മലയാള സിനിമാ താരങ്ങൾക്ക് പുറമെ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ, ബോളിവുഡ്-ദക്ഷിണേന്ത്യൻ താരങ്ങളായ പൂജ ഹെഗ്‌ഡെ, മൃണാൾ ഠാക്കൂർ, അർജുൻ ദാസ്, സഞ്ജു സാംസൺ, എ.ആർ അമീൻ തുടങ്ങിയ നിരവധി പ്രമുഖരും ചിത്രത്തിന് ആശംസകൾ അറിയിച്ചു.


ഇത്തവണത്തെ ഓണം റിലീസുകൾ തീയേറ്ററുകളിൽ വലിയ മത്സരത്തിനാണ് വഴിവെക്കുന്നത്. ഐ ആം ഗെയിം ഓഗസ്റ്റ് 20ന് റീലിസിനെത്തുമ്പോൾ, അതേ ദിവസം തന്നെ പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും റിലീസ് ചെയ്യും. മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജും, മാമ്പറയ്ക്കൽ അഹമ്മദ് ആലിയായി മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.


ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21ന് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന റോമാന്റിക് കോമഡി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തും. വലിയ താരനിരയും ബിഗ് ബജറ്റ് ചിത്രങ്ങളും ഒന്നിച്ചെത്തുന്നതോടെ ഇത്തവണത്തെ ഓണം ബോക്‌സ് ഓഫീസ് ചരിത്ര നേട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home