ഇനി മാറ്റമില്ല; ജോർജുകുട്ടി എത്തും, മെയ് 21ന് തന്നെ

കൊച്ചി: സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' 21ന് തന്നെ എത്തുമെന്ന് വീണ്ടും ഉറപ്പിച്ച് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്. ആവേശഭരിതരായി കാത്തിരിക്കുന്നുവെന്ന് കുറിച്ച് താരങ്ങളും ആരാധകരും സിനിമയുടെ പുതിയ പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.
ഇത്തവണ അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ പതിവിലേറെ ഗൗരവത്തോടെയുള്ള ജോർജുകുട്ടിയുടെ മുഖമാണുള്ളത്. ജോർജുകുട്ടിയുടെ കുടുംബവും പ്രഭാകറും ഗീതാ പ്രഭാകറിന്റെയും ജോർജുകുട്ടിയുടെ ജീപ്പിന്റെയുമെല്ലാം ചിത്രം പോസ്റ്ററിലുണ്ട്. ഇത്തവണ എന്തായിരിക്കും ട്വിസ്റ്റ് എന്നറിയാനാണ് പ്രേഷകർ കാത്തിരിക്കുന്നത്.
ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.
ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നതിനാൽ തന്നെ മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. കൊവിഡ് കാലമായതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്.










0 comments