എങ്ങും മികച്ച പ്രതികരണം; രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടി 'ധുരന്ധർ'

ന്യൂഡൽഹി: ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ച് ബോളിവുഡ് താരം രൺവീർ സിംഗിൻ്റെ ഏറ്റവും പുതിയ ചിത്രം 'ധുരന്ധർ'. ആദ്യ ദിനം തന്നെ 27 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രം, റൺവീർ സിംഗിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗായി മാറിയിരിക്കുകയാണ്.
ചിത്രത്തിൻ്റെ ആദ്യ ദിവസത്തെ കളക്ഷൻ 15 മുതൽ 18 കോടി വരെയായിരിക്കും എന്നായിരുന്നു മുമ്പ് വന്ന കണക്കുകൾ. എന്നാൽ അതിനുമപ്പുറത്തേക്ക് സകല പ്രതീക്ഷകളെയും മറികടന്നുകൊണ്ട് ധുരന്ധർ 27 കോടിയിലധികം നേടി. ഇതോടെ, 21.50 കോടി ഓപ്പണിംഗ് നേടിയ 'സയ്യാറ'യുടെ റെക്കോർഡും ചിത്രം മറികടന്നു. റൺവീർ സിംഗിൻ്റെ മുൻ ഹിറ്റുകളായ 'പത്മാവത്' (24 കോടി), 'സിംബ' (20.72 കോടി) എന്നിവയുടെ ആദ്യ ദിന കളക്ഷനേക്കാളും ഉയർന്നതാണ് 'ധുരന്ധറി'ൻ്റേത്.
ഡിസംബർ 5, വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അഖിലേന്ത്യാ തലത്തിൽ 33.81ശതമാനം ശരാശരി ഒക്യുപ്പൻസിയാണ് രേഖപ്പെടുത്തിയത്. നാലായിരത്തിലധികം ഷോകളാണ് ആദ്യ ദിനം ഒരുക്കിയത്. വൈകുന്നേരത്തെ പ്രദർശനങ്ങളിൽ 55 ശതമാനം വരെ ഒക്യുപ്പൻസി രേഖപ്പെടുത്തി.
ഡൽഹി എൻസിആർ പ്രദേശങ്ങളിലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നാണ് റിപ്പോർട്ടുകൾ. 1,371 ഷോകളിൽ ഏകദേശം 40 ശതമാനം ഒക്യുപ്പൻസി ഇവിടെ രേഖപ്പെടുത്തി. 1,024 സ്ക്രീനുകളിലായി ഏകദേശം 35 ശതമാനം ഒക്യുപ്പൻസിയോടെ മുംബൈ തൊട്ടുപിന്നിലുണ്ട്.
ചിത്രം റിലീസായതിന് പിന്നാലെ റൺവീറിൻ്റെ ഭാര്യയും നടിയുമായ ദീപിക പദുകോൺ ഇൻസ്റ്റാഗ്രാമിലൂടെ ഭർത്താവിന് സ്നേഹാഭിനന്ദനം അറിയിച്ചു. "ധുരന്ധർ കണ്ടു, 3.34 മണിക്കൂർ ദൈർഘ്യമുള്ള സിനിമയിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇപ്പോൾ തന്നെ ഒരു സിനിമാ ഹാളിലേക്ക് പോവുക! റൺവീർ സിംഗിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു! മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ," എന്നായിരുന്നു ദീപിക കുറിച്ചത്.
സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ നായിക സാറാ അർജുനും ഏറെ ആകാംക്ഷ ഉയർത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആദിത്യ ധർ എഴുതി, സംവിധാനം ചെയ്ത് നിർമിച്ച ചിത്രമാണിത്.









0 comments