വിമർശനങ്ങൾ പ്രേക്ഷകർക്ക് ഞങ്ങളോടുള്ള കരുതൽ; ഹേറ്റ് ക്യാമ്പയിനായി കാണുന്നില്ല; 'കാട്ടാളൻ' ടീസർ ചർച്ചയിൽ പ്രതികരിച്ച് ടീം

കൊച്ചി: ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ടീസറിന് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്. ഇതൊരു ഹേറ്റ് ക്യാമ്പയിനാണോ എന്നുള്ള തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർമാതാക്കളുടെ പ്രതികരണം.
ഇതൊരു ഹേറ്റ് ക്യാമ്പയിൻ ആയി ഞങ്ങൾ കാണുന്നില്ലെന്നും ടീസറിലെ ചില ഘടകങ്ങൾ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാൻ സാധിച്ചിട്ടില്ല എന്ന് ഞങ്ങൾ മനസ്സിലാക്കുകയും അത് ഉൾക്കൊളളുകയും ചെയ്യുന്നുവെന്നുമാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ പ്രതികരണം.
വിമർശനങ്ങളെ എന്നും അത് പ്രേക്ഷകർക്ക് ഞങ്ങളോടുള്ള കരുതലായി മാത്രമേ കാണുന്നുള്ളൂവെന്നും അതിനാൽ വിമർശനങ്ങളെ ഏറ്റെടുത്തുകൊണ്ട് കൂടുതൽ ശക്തമായ അടുത്ത അപ്ഡേറ്റുമായി ഞങ്ങൾ നിങ്ങൾക്കു മുന്നിലേക്ക് എത്തുമെന്നും പ്രേക്ഷകന്റെ കമന്റിന് മറുപടിയായി നിർമാതാക്കൾ കൂട്ടിച്ചേർത്തു.
ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സിൻറെ ബാനറിൽ 'മാർക്കോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ടീസർ പുറത്ത് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കാട്ടുകൊമ്പനെ കീഴ്‍പ്പെടുത്തുന്ന രക്തരൂക്ഷിത ദൃശ്യങ്ങളുമായാണ് ടീസർ എത്തിയത്. മെയ് 14ന് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യും.
ടീസറിലെ ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ മുൻപ് വ്യക്തമാക്കിയിരുന്നു.
ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ് രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിൽ പെപ്പെ തൻറെ യഥാർത്ഥ പേരായ "ആൻറണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്.
സംഭാഷണം- ഉണ്ണി ആർ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. സംഗീതം- അജനീഷ് ലോക്നാഥ്. നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.










0 comments