ദൃശ്യമികവിൽ ക്രിസ്റ്റഫർ നോളന്റെ 'ഒഡെസി'; ട്രെയിലർ പുറത്ത്

ടോം ഹോളണ്ട്, ആന്‍ ഹാത്വേ, റോബര്‍ട്ട് പാറ്റിന്‍സൺ എന്നിവര്‍ ദി ഒഡീസി ട്രെയിലറില്‍. photo credit: The Odyssey Movie via X
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ഒഡെസിയുടെ ട്രെയിലർ പുറത്ത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മികച്ച ദൃശ്യവിരുന്നായിരിക്കും ഒഡെസിയിലൂടെ നോളൻ ഒരുക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.
ഹോമറിന്റെ ഗ്രീക്ക് ഇതിഹാസ കാവ്യം ഒഡെസിയെ ആസ്പദമാക്കി നോളൻ ഒരുക്കുന്ന ചിത്രമാണ് ദ ഒഡീസി. മാറ്റ് ഡാമനാണ് ഇത്താക്കയിലെ രാജാവായ ഒഡെസിയസായി എത്തുന്നത്. ഇത്താക്കയുടെ സിംഹാസനം സ്വന്തമാക്കാൻ ശ്രമിക്കുന്ന ആന്റിനസ് എന്ന പ്രതിനായകനായി റോബർട്ട് പാറ്റിൻസണും എത്തുന്നു. ഒഡീസിയസിന്റെ ഭാര്യ പെനലോപ്പായി ആൻ ഹാത്വേയും അവരുടെ മകൻ ടെലിമാക്കസായി ടോം ഹോളണ്ടും ജ്ഞാനദേവതയായ അഥീനയായി സെൻഡായയും മന്ത്രവാദ ദേവതയായ സിർസെയായി ചാർലിസ് തെറോണും ചിത്രത്തിൽ അഭിനയിക്കുന്നു.
ലുപിത ന്യോംഗോ, ജോൺ ബെർന്താൽ, ബെന്നി സഫ്ഡി, ജോൺ ലെഗുയിസാമോ, ഹിമേഷ് പട്ടേൽ, വിൽ യുൻ ലീ, മിയ ഗോത്ത്, ജിമ്മി ഗൊൺസാലസ്, എലിയറ്റ് പേജ്, ജോവാൻ അഡെപ്പോ എന്നിവരും ഇതിഹാസ കാവ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രിയിലെ "ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്" എപ്പിസോഡിലാണ് ട്രെയിലർ ആദ്യം അരങ്ങേറിയത്. യൂണിവേഴ്സൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രം നോളന്റെ പ്രൊഡക്ഷൻ കമ്പനിയായ സിൻകോപ്പിയാണ് നിർമിക്കുന്നത്. എമ്മ തോമസാണ് സഹമിർമാണം.
നോളന്റെ കരിയറിലെ ചിലവേറിയ ചിത്രമായ ഒഡെസി 2026 ജൂലൈ 17ന് റിലീസ് ചെയ്യും. ഏറ്റവും പുതിയ ഐമാക്സ് ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന 'മിത്തിക് ആക്ഷൻ എപിക് ചിത്രം' എന്നാണ് യൂണിവേഴ്സൽ പിക്ചേഴ്സ് ഒഡെസിയെ വിശേഷിപ്പിച്ചത്. നോളൻ സംവിധാനം ചെയ്യുന്ന 13-ാമത്തെ ഫീച്ചർ ചിത്രമാണ് "ദി ഒഡെസി". 2023ൽ പുറത്തിറങ്ങിയ "ഓപ്പൺഹൈമർ" ആണ് നോളന്റെ ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം. ആഗോളതലത്തിൽ 958.8 മില്യൺ ഡോളർ റെക്കോർഡ് കലക്ഷൻ വരുമാനം നേടി. 13 ഓസ്‌കർ അവാർഡ് നോമിനേഷനുകൾ നേടിയ ചിത്രം, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടൻ എന്നിവയുൾപ്പെടെ ഏഴ് അവാർഡുകൾ സ്വന്തമാക്കി.
2023 ൽ വാർണർ ബ്രദേഴ്‌സിന്റെ "ബാർബി" യുമായി ക്ലാഷ് റീലീസ് നടത്തിയാണ് ഓപ്പൺഹൈമർ വിജയം കൊയ്തത്. സമാനമായി ജൂലൈ 17 ന് ഡിസ്നിയുടെയും സോണിയുടെയും വരാനിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ "സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ"യ്ക്കൊപ്പം ഒഡെസി റിലീസ് ചെയ്യും. ഐമാക്സ്, ഐമാക്സ് 70 MM തുടങ്ങി മറ്റ് പ്രീമിയം ലാർജ് ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്യും. പൂർണ്ണമായും ഐമാക്സ് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ആഖ്യാന ചിത്രമായി ചരിത്രം സൃഷ്ടിച്ചാണ് ഒഡെസി റിലീസ് ചെയ്യുന്നത്. പ്രമോഷണൽ സ്റ്റണ്ടിന്റെ ഭാഗമായി, 2025 ജൂലൈയിൽ 70mm സ്ക്രീനിംഗുകൾക്കുള്ള ടിക്കറ്റുകൾ ഒരു വർഷം മുമ്പേ പുറത്തിറക്കിയിരുന്നു.










0 comments