കാത്തിരിപ്പ് അവസാനിപ്പിക്കാം, അവർ മടങ്ങിവരുന്നു; 'ബിടിഎസ്: ദി റിട്ടേൺ' ട്രെയിലർ പുറത്ത്
സോൾ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീത പ്രേമികൾ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ആഗോള കെ-പോപ്പ് വിസ്മയം ബിടിഎസ് (BTS) വമ്പൻ തിരിച്ചുവരവിനൊരുങ്ങുന്നു. ബാൻഡിന്റെ മടങ്ങിവരവ് അടയാളപ്പെടുത്തുന്ന ‘BTS: The Return’ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിടിഎസ് വീണ്ടും സംഗീത ലോകത്ത് സജീവമാകുന്നത്.
"ഞങ്ങൾ എവിടെയായിരിക്കണമോ, അവിടേക്ക് ഒടുവിൽ മടങ്ങിയെത്തിയിരിക്കുന്നു..." എന്ന അംഗങ്ങളുടെ വൈകാരികമായ വാക്കുകളോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ഏഴ് അംഗങ്ങളും ലോസ് ഏഞ്ചൽസിൽ ഒത്തുചേരുന്നതും പുതിയ ആൽബത്തിനായുള്ള തയ്യാറെടുപ്പുകളുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. പ്രശസ്ത സംവിധായകൻ ബാവോ എൻഗുയെൻ സംവിധാനം ചെയ്യുന്ന ചിത്രം 'ദിസ് മെഷീൻ', ഹൈബ് (HYBE) എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
പുതിയ ആൽബം 'അരിരാങ്' മാർച്ച് 20ന്
ബാൻഡിന്റെ പുതിയ ആൽബമായ 'അരിരാങ്' (Arirang) മാർച്ച് 20ന് പുറത്തിറങ്ങും. ഇതിന് പിന്നാലെ മാർച്ച് 21ന് രാത്രി 8ന് സിയോളിലെ ഗ്വാങാമുനിൽ ബിടിഎസിന്റെ ലൈവ് പെർഫോമൻസ് നടക്കും. പ്രശസ്ത സംവിധായകൻ ഹാമിഷ് ഹാമിൽട്ടൺ ആണ് ഇത് സംവിധാനം ചെയ്യുന്നത്. ഈ മെഗാ ഷോ നെറ്റ്ഫ്ലിക്സിലൂടെ തത്സമയം ലോകമെമ്പാടും സ്ട്രീം ചെയ്യും.
ലൈവ് ഷോയ്ക്ക് ശേഷം ആൽബത്തിന്റെ നിർമ്മാണ വഴികൾ വിവരിക്കുന്ന 'BTS: The Return' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. മാർച്ച് 27 മുതലാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ ലഭ്യമാകുക. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കുക് എന്നീ ഏഴ് അംഗങ്ങളും സൈനിക സേവനത്തിന് ശേഷം ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
ലോകപര്യടനം വരുന്നു; 34 നഗരങ്ങൾ, 82 ഷോകൾ
തിരിച്ചുവരവിന് പിന്നാലെ ബൃഹത്തായ വേൾഡ് ടൂറും (2026–2027) ബിടിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യ, വടക്കൻ-ലാറ്റിൻ അമേരിക്കകൾ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 34 പ്രദേശങ്ങളിൽ സംഘമെത്തും. ആകെ 82 ഷോകളാണ് വേൾഡ് ടൂറിന്റെ ഭാഗമായി നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.










0 comments