'ബിഗ്ഗസ്റ്റ് സ്റ്റാർസ് റീയുണൈറ്റിങ്'; പാട്രിയറ്റ് മേക്കിങ് വീഡിയോ പുറത്ത്
കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാട്രിയറ്റ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പങ്കുവച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നീ താരങ്ങളെ വീഡിയോയിൽ കാണാം. ശ്രീലങ്കയിൽ ചിത്രികരണം നടത്തുന്നതിന്റെ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്.
മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റ് ഏപ്രിൽ 23ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ദൃശ്യവിസ്മയത്തിന് കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. 'Dissent is patriotic, In a world full of traitors, be a Patriot! എന്ന ടാഗ്‌ലൈനോടെയായിരുന്നു പോസ്റ്ററുകൾ റിലീസ് ചെയ്തത്.
മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'പാട്രിയറ്റ്' ഈ വർഷമാദ്യം പൂർത്തിയായത്. ട്വന്റി-20ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.











0 comments