നാല് ഭാഷകൾ, നാല് വീടുകൾ, നാല് സൂപ്പർസ്റ്റാറുകൾ; ജിയോ ഹോട്ട്സ്റ്റാറിൽ ഒരുമിച്ചെത്തുന്നു
ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ പുതിയ സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ ഒരേ ദിവസം തുടങ്ങുകയാണ്. ഇതിന് മുന്നോടിയായി ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ അവതാരകരായ വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ ഒരുമിച്ചെത്തുന്ന പുതിയ പ്രമോ ജിയോസ്റ്റാർ പുറത്തിറക്കി. നാല് പതിപ്പുകളുടെയും പുതിയ സീസണുകൾ സെപ്തംബർ 6ന് ഒരേസമയമാണ് പ്രീമിയർ ചെയ്യുക.
പ്രമോയിൽ ഫ്രാഞ്ചൈസിയുടെ ഏറ്റവും ജനപ്രിയരായ നാല് താരങ്ങൾ ഒരുമിച്ചെത്തുന്നു. തങ്ങളുടെ അതത് ഭാഷാ പതിപ്പുകളിലൂടെ പ്രേക്ഷകരുമായി ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുള്ളവരാണ് വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ. നാല് അവതാരകരും ഒരേ സ്‌ക്രീനിൽ എത്തുന്നതിലൂടെ അവരുടെ ആരാധകവൃന്ദങ്ങളെയും ഒരുമിപ്പിക്കുന്ന അപൂർവമായൊരു ക്രോസ്ഓവർ മുഹൂർത്തത്തിനാണ് പ്രമോ സാക്ഷ്യം വഹിക്കുന്നത്.
നാല് സംസ്ഥാനങ്ങളുടെയും വിപണികളുടെയും സംസ്കാരങ്ങളെ രസകരമായി ആഘോഷിക്കുന്നതാണ് പ്രമോ. പരസ്പരം സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട രസകരമായ ഒരു ആശയക്കുഴപ്പത്തിൽ അവതാരകർ അകപ്പെടുന്നതാണ് പ്രമോയുടെ പ്രമേയം. നർമ്മത്തിനൊപ്പം ദക്ഷിണേന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും പ്രൊമോയിൽ മനോഹരമായി അവതരിപ്പിക്കുന്നു.
വർഷങ്ങളായി ബിഗ് ബോസിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയവരാണ് നാല് അവതാരകരും. അവരുടെ നർമ്മം, നിരീക്ഷണങ്ങൾ, ഇടപെടലുകൾ, വാരാന്ത്യ സംഭാഷണങ്ങൾ എന്നിവ ഓരോ സീസണിലെയും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും ഇവ ബിഗ് ബോസ് വീടിന് പുറത്തും വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്.










0 comments