വിജയക്കുതിപ്പിൽ ബത്‍ലഹേം കുടുംബ യൂണിറ്റ്

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽത്തന്നെ തിയറ്ററുകളെ ആഘോഷവേദികളാക്കി മാറ്റി ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആഗസ്ത് 21ന് റിലീസ് ചെയ്ത ഗിരീഷ് എ ഡി ചിത്രം കേരളത്തിലെ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിനൊപ്പം കേരളത്തിനു പുറത്തും വിദേശവിപണികളിലും വലിയ സ്വീകാര്യതയാണ് സ്വന്തമാക്കുന്നത്. പ്രേക്ഷകപിന്തുണയും ബോക്സ് ഓഫീസ് പ്രകടനവും ഒരുപോലെ ശക്തമായതോടെ മലയാളസിനിമയിലെ വലിയ വിജയങ്ങളുടെ നിരയിലേക്ക് ചിത്രം അതിവേഗം മുന്നേറുകയാണ്.
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നർമവും പ്രണയവും വൈകാരികതയും കോർത്തിണക്കിയ അവതരണം യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ തിയറ്ററിലെത്തിക്കുന്നു.
നിവിൻ പോളിയുടെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുന്നു. ഏറെ കാലത്തിനുശേഷം നിവിൻ പോളിയെ ഒരു വലിയ ജനകീയവിജയത്തിന്റെ കേന്ദ്രത്തിൽ വീണ്ടും കാണാനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. താരത്തിന്റെ സ്വാഭാവിക അഭിനയവും കോമഡി ടൈമിങ്ങും കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയും പ്രേക്ഷകർ ഏറ്റെടുത്തതോടെ ചിത്രത്തിന്റെ വിജയത്തിൽ നിവിൻ പോളിയുടെ സാന്നിധ്യം നിർണായകമായി.
തണ്ണീർമത്തൻ ദിനങ്ങൾമുതൽ ശ്രദ്ധനേടിയ സംവിധായകനാണ് ഗിരീഷ് എ ഡി. യുവത്വവും നർമവും പ്രണയവും ദൈനംദിനജീവിതത്തിലെ ചെറിയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സ്വാഭാവികമായി അനുഭവപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ഗിരീഷ് എ ഡി ചിത്രങ്ങളുടെ പ്രത്യേകത. തുടർന്ന് എത്തിയ പ്രേമലു വൻ വിജയമായിരുന്നു. അതിന്റെ വിജയത്തിനുപിന്നാലെ ഗിരീഷ് എ ഡി നിവിൻ പോളി കൂട്ടുകെട്ടിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് അതിനേക്കാൾ വലിയൊരു വിജയത്തിലേക്ക് നീങ്ങുകയാണ്.
ചിത്രത്തിന്റെ നിർമാണം ഭാവന സ്റ്റുഡിയോസാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നേരത്തേയും ശ്രദ്ധേയമായ ചിത്രങ്ങളുടെ നിർമാണത്തിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് ഛായാഗ്രാഹകൻ അജ്‌മൽ സാജുവിന്റെ കാമറ നിർണായകമാണ്. എഡിറ്റർ ആകാശ് ജോസഫ് വർഗീസ് ഒരുക്കിയ എഡിറ്റിങ് ചിത്രത്തിന്റെ നർമവും വൈകാരികതയും മികച്ച താളത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നു.
വിഷ്ണു വിജയിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന് കൂടുതൽ ഊർജം നൽകുന്നു. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.










0 comments